Sunday, June 16, 2024
spot_img

വിനോദയാത്രയെ മരണയാത്രയാക്കിയ താനൂർ ബോട്ടപകടം; അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം

താനൂർ: മലപ്പുറം താനൂരിൽ ഉണ്ടായ ബോട്ടപകടം അന്വേഷിക്കുന്നതിനായി പ്രത്യേക പോലീസ് സംഘം. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പ്രവർത്തിക്കുക.സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഇതിനായി രൂപികരിച്ചു. കേസിൽ ജുഡീഷ്യൽ അന്വേഷണത്തിന് പുറമെയാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം.

താനൂർ ബോട്ടപകടത്തിന് കരണക്കാരായവരെയെല്ലാം നിയമത്തിനുമുന്നിൽ കൊണ്ടുവരാനാണ് പോലീസ് ശ്രമിക്കുന്നത്. ഇത്തരം അപകടങ്ങൾ ഇനിയും സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാനും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറയുമ്പോഴും ഈ സംഭവവും മറ്റ് കേസുകൾ പോലെ ആദ്യത്തെ ആവേശം കെട്ടടങ്ങുമ്പോൾ മന്ത്രിമാരും പോലീസുകാരും മറക്കുമോ എന്നറിയില്ല. ആവിശ്യമായ നടപടികൾ കൃത്യ സമയത്തിന് തന്നെ കൈകൊണ്ടിരുന്നുവെങ്കിൽ ഇത്തരത്തിൽ താനൂരിൽ നിരവധി പേരുടെ ജീവൻ നഷ്ടമാകില്ലായിരുന്നു.

ക്രമക്കേടിലൂടെയും മറ്റും നേടിയെടുത്ത ലൈസൻസ് ഉപയോഗിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മൽസ്യബന്ധന ബോട്ട് എങ്ങനെ വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ടായി. ഇതെല്ലം സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള കടുത്ത അനാസ്ഥ തന്നെയാണ്. അപകടം നടന്നതിന് ശേഷം മാത്രം നിയമങ്ങൾ കർശനമായി പാലിക്കാൻ പറയുകയും, അന്വേഷണം നടത്തുകയും ചെയ്യുന്നത് സർക്കാരിന്റെ പതിവ് പല്ലവിയായി മാറുമ്പോൾ ഇല്ലാതെയാകുന്നത് സാധാരണക്കാരന്റെ ജീവനാണ്.

ബോട്ടുദുരന്തത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോര്‍ട്ട് സര്‍വേയറും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണം.

Related Articles

Latest Articles