Sunday, May 5, 2024
spot_img

സംസ്ഥാനത്ത് തുടർക്കഥയാകുന്ന ക്രൂരതകൾ; കേരളാ പോലീസിനെതിരെ ഉയരുന്നത് വ്യാപക പരാതി; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:കേരളാ പോലീസിനെതിരെ നിരന്തരം പരാതികളും ആരോപണങ്ങളും ഉയരുന്ന സാഹചര്യത്തിൽ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ന് (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിന് ക്ലിഫ് ഹൗസിൽ വച്ച് യോഗം നടക്കുകയാണ്.

ഉന്നതതല യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി, ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിമാര്‍ എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

പുതുവത്സര തലേന്ന് കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവം രാജ്യാന്തര തലത്തിൽ തന്നെ വാർത്തയായിരുന്നു. ഇത് പോലീസിനെതിരെ വ്യാപക പരാതികൾക്കിടയാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ഏറ്റവും ഒടുവിലായാണ് ഇപ്പോൾ ട്രെയിനിൽ ഉണ്ടായ സംഭവം.

കണ്ണൂർ മാവേലി എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തെന്നാരോപിച്ച് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ചതായാണ് പരാതി. എഎസ്‌ഐ പ്രമോദാണ് ട്രെയിനിൽ വെച്ച് യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയത്.

യാതൊരു പ്രകോപനവുമില്ലാതെ എഎസ്‌ഐ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തിരിക്കുന്നത്.

Related Articles

Latest Articles