ന്യൂഡല്‍ഹി: ബിജെപിയെ പുറത്താക്കി കേന്ദ്രത്തില്‍ അധികാരം പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം പാളുന്നു. മെയ് 21 ന് കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ല. മമതാ ബാനര്‍ജി,അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്. നേതാക്കളെ ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളി.
കോണ്‍ഗ്രസിനോട് അകലം പാലിക്കുക എന്ന നയമാണ് മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പദം കോണ്‍ഗസിന് ലഭിക്കുന്നതില്‍ ഇവര്‍ക്ക് താത്പര്യമില്ലെന്നാണ് വിവരം. മായാവതിക്കും, മമതാ ബാനര്‍ജിക്കും പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമുണ്ട്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തരമൊരു നയം സ്വീകരിക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കും.
രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യത്തിന് മായാവതിക്കും മമതാ ബാനര്‍ജിക്കും താത്പര്യമില്ല.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.
ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി പദം അടക്കം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയേക്കുമെന്നും സൂചനകളുണ്ട്. നിലവിലെ കണക്കുകൂട്ടലില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധിച്ചേക്കില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. പരമാവധി 120 മുതല്‍ 140 സീറ്റുവരെയെ കോണ്‍ഗ്രസിന് ലഭിക്കൂ എന്നാണ് ആഭ്യന്തര സര്‍വേയില്‍ പറയുന്നത്.
ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ സര്‍ക്കാരില്‍ പങ്കാളിയാകും. പ്രധാനന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന് സ്വീകര്യനായ ആളെ പിന്തുണയ്ക്കാനാണ് നീക്കം.

