തിരുവന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇടത് എംഎൽഎമാരും രാജിവെക്കണം. എംഎല്‍എമാരായ വീണാ ജോര്‍ജും, എ പ്രദീപ് കുമാറും അവരവരുടെ മണ്ഡലത്തില്‍ പിന്നിലായി. ഇവര്‍ രാജിവയ്ക്കുന്നതാണ് നല്ലത്. ജനങ്ങൾക്ക് ഇടത് എംഎൽഎമാരിലുള്ള വിശ്വാസം നഷ്ടമായതുകൊണ്ടാണ് അവർ പരാജയപ്പെട്ടത് എന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.
അതേസമയം കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാലതാമസമുണ്ടായെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കാന്‍ താന്‍ താത്പര്യപ്പെട്ടിരുന്നില്ല. തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും കോട്ടമുണ്ടായോ എന്ന് പരിശോധിക്കും. തിരുവനന്തപുരത്ത് വോട്ട് കുറഞ്ഞുവെന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ശബരിമലയെ രാഷ്ട്രീയ കമ്പോളത്തില്‍ വില്‍പന ചരക്കാക്കിയിട്ടില്ല. വിശ്വാസികളുടെ സമരത്തിന് പാര്‍ട്ടി കലവറയില്ലാത്ത പിന്തുണ നല്‍കുകയായിരുന്നു. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ശബരിമല ആത്മാവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മത ധ്രുവീകരണം ഉണ്ടായിട്ടുണ്ടെന്നാണ് സിപിഎം പറയുന്നത്. അത് നടത്തിയത് കോണ്‍ഗ്രസാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തില്‍ ബിജെപി പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ അര്‍ഥമില്ല. കേരളത്തിലെ 19 സീറ്റുകളിലും വോട്ട് വിഹിതത്തില്‍ മുന്നേറ്റമുണ്ടായിട്ടുണ്ട്. വരുന്ന ഉപതിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

