Saturday, May 4, 2024
spot_img

രാത്രിയുടെ മറവില്‍ ഗോതഭയ രാജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തി; മുന്‍ പ്രസിഡന്റിനെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത് കനത്ത പൊലീസ് സുരക്ഷയോടെ

കൊളംബോ: മുന്‍ പ്രസിഡന്‍റ് ഗോതഭയ രാജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തി. ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഏഴാഴ്ച മുമ്പാണ് രാജപക്സെ രാജ്യം വിട്ടത്. അര്‍ധരാത്രി കൊളംബോ വിമാനത്താവളത്തിലെത്തിയ ഗോതഭയയെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിമാരും എംപിമാരും എത്തിയിരുന്നു.

സര്‍ക്കാര്‍ കൊളംബോയില്‍ അനുവദിച്ച വസതിയിലാണ് മുന്‍ പ്രസിഡന്‍റ് എന്ന നിലയില്‍ ഇപ്പോൾ ഗോതഭയ ഉള്ളത്. കനത്ത പൊലീസ് കാവലിലാണ് ഗോതഭയ രാജപക്സയെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ട് പോയത്. മാലിദ്വീപ്, സിംഗപ്പൂര്‍, തായ്‍ലന്‍ഡ് എന്നിവടങ്ങളില്‍ സന്ദര്‍ശക വിസയില്‍ കഴിയുകയായിരുന്നു മുന്‍ പ്രസിഡന്‍റ് ഗോതഭയ രാജപക്സെ. നിലവില്‍ ഗോതഭയക്കെതിരെ രാജ്യത്ത് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ജനകീയ പ്രതിഷേധത്തിനിനെ തുടര്‍ന്ന് ജൂലൈ 9 ലെ കലാപത്തിന് ശേഷമാണ് രാജപക്‌സെ ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്തത്. ആദ്യം മാലിദ്വീപിലേക്ക് പലായനം ചെയ്ത രാജപക്സെ അവിടെ നിന്ന് ജൂലൈ 13ന് സിംഗപ്പൂരിലേക്ക് പോവുകയുമായിരുന്നു. ജൂലൈ 14 ന് സ്വകാര്യ സന്ദർശനത്തിനായി സിംഗപ്പൂരില്‍ എത്തിയ ശ്രീലങ്കന്‍ മുൻ പ്രസിഡന്റിന് സിംഗപ്പൂർ 14 ദിവസത്തെ ഹ്രസ്വകാല സന്ദർശന പാസ് അനുവദിച്ചത്. രാജപക്‌സെ അഭയം ചോദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് അഭയം നൽകിയിട്ടില്ലെന്നും സിംഗപ്പൂരിലെ വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ അറിയിച്ചിരുന്നു.

Related Articles

Latest Articles