Monday, April 29, 2024
spot_img

സംസ്ഥാന സർക്കാർ കെടുകാര്യസ്ഥത: കേരളത്തിൽ 100 കോളേജുകൾക്കായി കേന്ദ്രം വകയിരുത്തിയ 500 കോടി നഷ്ടപ്പെടുത്തി

കോളേജുകളുടെ വികസനത്തിന് കേന്ദ്രം അനുവദിച്ച 500 കോടി നഷ്ടപ്പെടുത്തി സംസ്ഥാന സർക്കാർ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് കേന്ദ്രസർക്കാർ നടപ്പിലാക്കിയ റൂസ( രാഷ്‌ട്രീയ ഉച്ചതാ സർവ്വശിക്ഷ അഭിയാൻ) പദ്ധതി വഴി ലഭിക്കേണ്ട ഫണ്ടാണ് സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥത മൂലം നഷ്ടമായത്.

മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന റൂസാ പദ്ധതിയുടെ രണ്ടാം ഘട്ടം സംസ്ഥാനം കൃത്യമായി നടപ്പിലാക്കാത്തതാണ് മൂന്നാം ഘട്ടത്തിന്റെ പണം അനുവദിക്കാൻ കേന്ദ്രത്തിന് തടസ്സമാകുന്നത്. ഇതൊടെ 100 എയ്ഡഡ് കോളേജുകളുടെ വികസനത്തിന് ലഭിക്കേണ്ട 500 കോടി നഷ്ടമായി. ഒരു കോളേജിന് 5 കോടിയായിരുന്നു കേന്ദ്രം നൽകാൻ പദ്ധതിയിട്ടത്.

റൂസ രണ്ടാം പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന വിഹിതം 60-40 അനുപാതത്തിലായിരുന്നു. ഇതിൽ കേന്ദ്ര ഫണ്ട് വാങ്ങിയെടുത്തെങ്കിലും സ്വന്തം വിഹിതം സംസ്ഥാനം നൽകിയില്ല. രണ്ടാം പദ്ധതി സമ്പൂർണ്ണമായി നടപ്പിലാക്കാത്ത കോളേജുകൾക്ക് മൂന്നാം ഘട്ടത്തിൽ പണം അനുവദിക്കില്ലെന്നാണ് കേന്ദ്ര ചട്ടം. രാജ്യത്ത് തുക നഷ്ടമായ പട്ടികയിൽ കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾ മാത്രമാണുള്ളത്.

രാജ്യമെമ്പാടും റൂസ പദ്ധതിയുടെ രണ്ടാം ഘട്ടം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം കേരളം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്ത പദ്ധതി സംസ്ഥാന പ്രൊജക്ട് എന്ന നിലയിലാണ് അവതരിപ്പിച്ചത്. രണ്ടാം ഘട്ടം സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനാൽ മൂന്നാം ഘട്ടം ലഭിക്കില്ലെന്ന കേന്ദ്രം നിലപാട് എടുത്തതോടെയാണ് ധൃതിപിടിച്ച് കഴിഞ്ഞ ദിവസം ഉദ്ഘാടന മഹാമഹം നടത്തിയത്.

Related Articles

Latest Articles