കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ കണ്ണന്മെട് കളത്തിങ്കല്‍ കെ.ഡി. ദീപകിനെ(26)യാണ് അറസ്റ്റ് ചെയ്തത്. തമ്മനം-പുല്ലേപ്പടി റോഡിലെ ലോഡ്ജിൽ നിന്നാണ് പാലാരിവട്ടം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 64.83 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.
അയല്‍സംസ്ഥാനങ്ങളിലെ രഹസ്യ സങ്കേതങ്ങളില്‍ ഉത്പാദിപ്പിക്കുന്ന എംഡിഎംഎയാണ് കുറഞ്ഞ വിലയ്ക്ക് വാങ്ങി പ്രതി നാട്ടിലെത്തിച്ച് വിറ്റിരുന്നത്. നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ താമസിച്ചാണ് വിൽപന നടത്തിയിരുന്നത്. പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

