Friday, May 17, 2024
spot_img

ഐ ജി ലക്ഷ്മണയ്ക്ക് കുരുക്ക് മുറുകുന്നു; മോൻസന്റെ തട്ടിപ്പിൽ ഇടനിലക്കാരനായി പ്രവർത്തിച്ചു; വാട്സ്ആപ് ചാറ്റുകൾ ഉൾപ്പെടെ പുറത്ത്

കൊച്ചി: തട്ടിപ്പുവീരൻ മോൻസൻ മാവുങ്കലിന്റെ (Monson Mavunkal) കേസിൽ ഐ.ജി ലക്ഷമണക്കെതിരെ ശക്തമായ തെളിവുകൾ പുറത്ത്. പുരാവസ്തു തട്ടിപ്പിൽ ഐ ജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മണയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഐജി ലക്ഷ്മണയുടെ നേതൃത്വത്തിൽ തിരുവനതപുരം പോലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

സത്യം പുറത്തുകൊണ്ടുവന്നത് വാട്സ്ആപ് ചാറ്റുകൾ

ആഗസ്റ്റ് 5നായിരുന്നു കൂടിക്കാഴ്ച നടന്നത്. പോലീസ് ക്ലബ്ബിൽ ഐ ജി ആവശ്യപ്പെട്ടത് പ്രകാരം മോൻസന്റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചു. ഐ ജി പറഞ്ഞയച്ച പോലീസ് ഉദ്യോഗസ്ഥൻ ആണ് ഇതുകൊണ്ട് പോയത്. ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും വ്യക്തമായിട്ടുണ്ട്. ഇടപാടുകളുടെ വാട്സ്ആപ് ചാറ്റുകൾ പുറത്ത് ആയിട്ടുണ്ട്. ഐ ജി ലക്ഷ്മണയുടെ മൂന്ന് പി എസ് ഒ മാർക്കെതിരെയും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്
അതേസമയം മോൻസൻ മാവുങ്കല്ലിനെ സഹായിച്ചതിന് ഐജി ലക്ഷമണക്കെതിരെ ക്രൈംബ്രാഞ്ച് നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

ലക്ഷമണയ്ക്ക് എതിരായ അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മുഖ്യമന്ത്രിക്കും സമർപ്പിച്ചിട്ടുണ്ട്. മോൻസൻ മാവുങ്കല്ലിനെ കൂടാതെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വേറെയും ചിലരെ ഐജി ലക്ഷമണ സഹായിച്ചുവെന്ന് പരാതിയുള്ളതായി ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ ട്രാഫിക് ചുമതലയുള്ള ഐജിയാണ് ലക്ഷമണ. കഴിഞ്ഞ മാസം ഡിജിപി അനിൽ കാന്തും ഐജി ലക്ഷമണയ്ക്ക് എതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

Related Articles

Latest Articles