Wednesday, May 8, 2024
spot_img

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാം; ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. കോഴിക്കോട് വടകര സ്വദേശിയായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തതില്‍ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്റെ ഉത്തരവ്. പ്രത്യേക ആവശ്യങ്ങള്‍ക്കു രക്ഷിതാക്കളുടെ അറിവോടെ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാമെന്നാണ് ഉത്തരവില്‍ പറയുന്നത്‌.

കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി പിളരുകയോ ഇല്ലെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. പിടിച്ചെടുത്ത മൊബൈല്‍ തിരികെനല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. അധ്യക്ഷന്‍ കെ വി മനോജ് കുമാര്‍, ബി ബബിത, റെനി ആന്റണി എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. അതേസമയം കുട്ടികള്‍ സ്‌കൂള്‍ സമയത്ത് മൊബൈല്‍ഫോണ്‍ ഉപയോഗിക്കേണ്ടതില്ലെന്നും കമ്മീഷന്‍ നിലപാട് അറിയിച്ചു. സ്‌കൂള്‍ സമയം കഴിയുന്നതുവരെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ സൗകര്യമൊരുക്കണമെന്നും ബെഞ്ച് പറഞ്ഞു.

കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം ഉണ്ടാക്കുന്ന രീതിയില്‍ ദേഹപരിശോധനയും ബാഗ് പരിശോധനയും ഒഴിവാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമങ്ങള്‍ എന്നിവ സുരക്ഷിതമായി ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles