Tuesday, September 29, 2026

തീ കൊളുത്തി ആത്മഹത്യാ ശ്രമം: യുവാവിന് പരിക്ക്; തടയാൻ ശ്രമിച്ച പോലീസ് ഓഫിസർക്ക് പൊള്ളലേറ്റു

കാട്ടാക്കട: ഭാര്യയുടെ പരാതിയെത്തുടർന്ന് വീട്ടിലെത്തിയ പോലീസ് സംഘത്തിനു മുന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം. തടയാൻ ശ്രമിച്ച പൊലീസുകാരനും അയൽവാസിക്കും പരുക്ക്. പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കള്ളിക്കാട് മുണ്ടവൻകുന്ന് പൊറ്റയിൽ വീട്ടിൽ ദീപുരാജ്(39)നെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയ്യിൽ സാരമായി പരുക്കേറ്റ നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആനന്ദ്(40) തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തന്നെയും മക്കളെയും നിരന്തരം ഉപദ്രവിക്കുന്നെന്ന പരാതിയുമായി ദീപുരാജിന്റെ ഭാര്യ തങ്കച്ചി നെയ്യാർ ഡാം സ്റ്റേഷനിൽ എത്തിയിരുന്നു. ഭർത്താവിന്റെ ഉപദ്രവം സഹിക്കാതെ മൂന്നു ദിവസമായി മക്കളുമൊത്ത് പ്ലാമ്പഴിഞ്ഞിയിലെ മഠത്തിലാണെന്നും വീട്ടിൽ നിന്നു മക്കളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും എടുക്കാൻ സഹായിക്കണം എന്നുമായിരുന്നു ആവശ്യം. ഇതേത്തുടർന്ന് സ്റ്റേഷനിൽ നിന്നു 3 പൊലീസുകാർ ദീപുരാജിന്റെ വീട്ടിലെത്തി. പിന്നാലെ തങ്കച്ചിയും മകൻ ശ്രീജിത്തും എത്തി. ദീപുവിനോട് പൊലീസ് കാര്യങ്ങൾ പറഞ്ഞു. മകൻ ശ്രീജിത് സാധനങ്ങൾ എടുക്കാൻ വീടിനുള്ളിലേക്കു കയറി.

പുസ്തകങ്ങളും വസ്ത്രങ്ങളും എടുക്കുന്നതിനിടെ ദീപുരാജ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് സ്വയം ഒഴിച്ച് തീ കൊളുത്തി. വീടിനു പുറത്തു നിന്ന പൊലീസ് സംഘവും പരിസരവാസികളും ഇതുകണ്ട് അകത്തു കയറി ദീപുരാജിനെ രക്ഷിക്കാൻ ശ്രമിച്ചു. അതിനിടെയാണ് സിവിൽ പൊലീസ് ഓഫിസർ ആനന്ദിന്റെ കൈക്കു പൊള്ളലേറ്റത്. അയൽവാസിയായ ദിപിൻ രാജിനും നിസ്സാര പരുക്കുണ്ട്. ദീപുരാജിനെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. നാൽപതു ശതമാനത്തോളം പൊള്ളലേറ്റതായാണു വിവരമെന്നു പൊലീസ് പറഞ്ഞു. സ്ഥിരം മദ്യപാനിയായ ഇയാൾ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നതായും ആത്മഹത്യാ ശ്രമത്തിനു കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Latest Articles