Friday, April 19, 2024
spot_img

കുംഭമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകുമോ? പുറമെ പ്രകടിപ്പിക്കുന്നില്ലെങ്കിലും ദേവസ്വം ബോർഡും സർക്കാരും ആശങ്കയിൽ

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്‌താവിക്കാത്തതോടെ കുംഭമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകുമോ എന്ന് ആശങ്ക ശക്തം. മകരവിളക്ക് മഹോത്സവത്തിന് ശേഷം മാസപൂജകള്‍ക്കായി ഇനി ഫെബ്രുവരി 13നാണ് ശബരിമല നടതുറക്കുന്നത്. ഈ സമയത്ത് യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും സംഘര്‍ഷത്തിന് വഴിമാറുമെന്നാണ് ആശങ്ക. യുവതികളെ കയറ്റുന്നത് സംബന്ധിച്ച്‌ കുംഭമാസ പൂജ തുടങ്ങുന്ന സമയത്ത് തീരുമാനമെടുക്കാമെന്നാണ് ഇതേപറ്റിയുള്ള ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞത്.

അതേസമയം, കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടായാല്‍ അത് തിരഞ്ഞെടുപ്പില്‍ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനോടകം തന്നെ ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ സര്‍ക്കാരിനെതിരെ നില്‍ക്കുകയാണ്. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കില്ലെന്നും ഇക്കാര്യത്തില്‍ ശബരിമല കര്‍മ സമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും എന്‍.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇതേ നിലപാട് തന്നെയാണ് ആര്‍.എസ്.എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ക്കുമുള്ളത്. യുവതീ പ്രവേശനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരും തടയാന്‍ സംഘപരിവാര്‍ സംഘടനകളും തുനിഞ്ഞിറങ്ങിയാല്‍ മണ്ഡലകാലത്ത് ശബരിമലയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്നാണ് ആശങ്ക. സുപ്രീംകോടതിയുടെ വിധി വൈകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകുമെന്ന് ആശങ്കയുണ്ടെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാർ വര്‍മ പ്രതികരിക്കുകയും ചെയ്‌തു.

Related Articles

Latest Articles