Thursday, May 9, 2024
spot_img

ശബരിമല, അയോധ്യ കേസുകള്‍: അടുത്ത 18 ദിവസം സുപ്രീംകോടതിയില്‍ നിര്‍ണായക ദിനങ്ങൾ

ദസറ അവധിക്കുശേഷം 14-നു തുറക്കുന്ന സുപ്രീംകോടതിയുടെ അടുത്ത 18 പ്രവൃത്തിദിനങ്ങള്‍ ഏറെ നിര്‍ണായകം. നവംബര്‍ 17-ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനുമുമ്ബായി അദ്ദേഹം അധ്യക്ഷനായ ബെഞ്ചുകള്‍ കൈകാര്യം ചെയ്ത കേസുകളില്‍ വിധിയുണ്ടാവും. ശബരിമല, റഫാല്‍, എന്നിവയിലെ പുനഃപരിശോധനാ ഹര്‍ജികളും അയോധ്യ ഭൂമിതര്‍ക്ക കേസും പരിഗണിച്ചത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ്.

ദീപാവലി, ഗുരുനാനക് ജയന്തി ആഘോഷങ്ങളുടെ അവധികള്‍കൂടി വരുന്നതിനാല്‍ നവംബർ 17-നു മുൻപായി 18 പ്രവൃത്തിദിവസമേയുള്ളൂ. അതില്‍ ആദ്യയാഴ്ചതന്നെ അയോധ്യക്കേസിലെ വാദങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എല്ലാ പ്രവൃത്തിദിവസവും ഈ കേസ് കേള്‍ക്കുന്നുണ്ട്.

പുനഃപരിശോധനാ ഹര്‍ജിയില്‍ വാദംകേട്ട് വിധിപറയാന്‍ മാറ്റിയ രണ്ടുകേസുകളാണ് രാജ്യം ഏറെ ഉറ്റുനോക്കുന്നത്. ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ അമ്പത്തഞ്ചോളം കേസുകളില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റിയിട്ട് എട്ടുമാസം കഴിഞ്ഞു. ഫെബ്രുവരി ആറിനാണ് വാദം കേട്ടശേഷം വിധിപറയാന്‍ മാറ്റിയത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിൻ്റെ വിധിക്കെതിരേയുള്ള ഹര്‍ജികളാണിത്.

ഫ്രാന്‍സുമായുള്ള റഫാല്‍ യുദ്ധവിമാന ഇടപാട് ശരിവെച്ചതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റിയത് മേയ് 10-നാണ്. പുനഃപരിശോധനാ ഹര്‍ജികളില്‍പ്പോലും വിധിപറയാന്‍ ഇത്രയും മാസങ്ങള്‍നീണ്ട കാലതാമസം അസാധാരണമാണെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു.

Related Articles

Latest Articles