Tuesday, April 30, 2024
spot_img

സൂര്യതിലകം ചാര്‍ത്തി രാംലല്ല; രാമനവമിയില്‍ അയോദ്ധ്യയില്‍ ഭക്തര്‍ക്ക് ദര്‍ശനപുണ്യം

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള അയോദ്ധ്യപുരിയിലെ ആദ്യ ശ്രീരാമനവമി അപൂര്‍വ്വാനുഭവമായി. രാംലല്ലയുടെ ‘സൂര്യ അഭിഷേക്’ ആയിരക്കണക്കിന് ഭക്തരുടെ നാമജപങ്ങളോടെ നടന്നു. വിശിഷ്ട ദിവസമായ ഇന്നത്തെ സൂര്യ കിരണങ്ങള്‍ രാംലല്ലയുടെ നെറ്റിയില്‍ 75 മില്ലിമീറ്റര്‍ നീളത്തിലുള്ള തിലകമായി മാറിയ അപൂര്‍വ്വ നിമിഷങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശന സായൂജ്യം പകര്‍ന്നു. ഉച്ചയ്ക്ക് 12.15നായിരുന്നു ഈ മുഹൂര്‍ത്തം.

രാമനവമിയോടനുബന്ധിച്ച് ഭക്തരെ വരവേൽക്കുന്നതിനായി അയോദ്ധ്യയിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കടുത്ത വെയിലിനെ മറികടന്ന് ഭക്തരുടെ സഞ്ചാരം സുഗമമാക്കുന്നതിനായി പ്രദേശത്ത് എല്ലായിടത്തും ചുവന്ന പരവതാനി വിരിച്ചിരുന്നു. തേദി ബസാർ മുതൽ നയാഘട്ട് വരെയുള്ള 29 സ്ഥലങ്ങളിൽ അധികൃതർ ഹെൽപ്പ് ബൂത്തുകൾ സ്ഥാപിച്ചു. ഏറ്റവും പ്രധാനപ്പെട്ട 12 ഇടങ്ങളിലായി ഹെൽത്ത് സെന്ററുകളും തുടങ്ങിയിരുന്നു.

ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തെ ഒമ്പത് സോണുകളായാണ് തിരിച്ചിച്ചത്. 560ഓളം സിസിടിവി ക്യാമറകളും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിച്ചു. സുരക്ഷാ മേൽനോട്ടം വഹിക്കുന്നതിനായി 11 അഡീഷണൽ പോലീസ് സൂപ്രണ്ടുമാർ, 26 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ, 150 ഇൻസ്‌പെക്ടർമാർ, 400 സബ് ഇൻസ്‌പെക്ടർമാർ, വനിതാ സബ് ഇൻസ്‌പെക്ടർമാർ, 1305 കോൺസ്റ്റബിൾമാർ, 270 വനിതാ കോൺസ്റ്റബിൾമാർ എന്നിവരെയാണ് ക്ഷേത്രത്തിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നത്. ഇതിന് പുറമെ എസ്ഡിആർഎഫിന്റെ ഒരു ടീമിനും എടിഎസിന്റെ ഒരു ടീമിനും സുരക്ഷാ ചുമതലകൾ നൽകിയിട്ടുണ്ട്.

Related Articles

Latest Articles