Sunday, May 5, 2024
spot_img

ഗൂഢാലോചന കേസ്; സ്വപ്ന നൽകിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും, പാലക്കാട് കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹ‍ർജിയും ഇന്ന് കോടതി പരിഗണിക്കും

ഗൂഢാലോചന കേസിൽ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യവും അ൦ഗീകരിച്ചില്ല. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കമുള്ള മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അതുകൊണ്ട് തന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‍ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. അതേസമയം, പാലക്കാട് കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹ‍ർജിയും ഇന്ന് കോടതി പരിഗണിക്കും.

സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇന്നലെ ഗൂഢാലോചനക്കേസിൽ എച്ച്ആർഡിഎസിലെ മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. തൃശൂർ എസിപി വികെ രാജുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലക്കാടെത്തി ചോദ്യം ചെയ്തത്. സ്വപ്ന സുരേഷിൻ്റെ ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്തിട്ടുണ്ട്. വിജിലൻസ് സരിത്തിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഇരുവരും രാജിവച്ചിരുന്നു.

കെടി ജലീൽ സ്വപ്ന സുരേഷിനെതിരെ നൽകിയ ഗൂഢാലോചനക്കേസിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. എച്ച്ആർഡിഎസിൻ്റെ ഫ്ലാറ്റിൽ നിന്ന് സരിത്തിനെ വിജിലൻസ് പിടികൂടിയതിനു തൊട്ടുപിന്നാലെ രാജിവെക്കാനുള്ള പശ്ചാത്തലമെന്താണെന്നായിരുന്നു ചോദ്യം. സ്വപ്നയുടെ സന്ദർശനകർ ആരൊക്കെ, ഒപ്പം ആരൊക്കെ ഉണ്ടായിരുന്നു എന്ന കാര്യങ്ങൾ സഹായിയോട് ചോദിച്ചപ്പോൾ ഈ ദിവസങ്ങളിൽ സരിത്തും സ്വപ്നയും എവിടെയൊക്കെ യാത്ര ചെയ്തു എന്ന് ഡ്രൈവറോട് ചോദിച്ചു. എന്നാൽ, ചോദ്യം ചെയ്തെന്ന വാർത്ത ഇരുവരും വിസമ്മതിക്കുകയാണ്.

അതേസമയം സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ക്ലിഫ് ഹൗസിൽ രഹസ്യചർച്ചയ്ക്ക് താൻ തനിച്ച് പോയിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതെല്ലാം കള്ളമാണ്. ക്ലിഫ് ഹൗസിലേയും സെക്രട്ടറിയേറ്റിലേയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ തയാറാകണമെന്നും സ്വപ്‌ന പറയുന്നു. തന്റെ കൈയിലും സിസിടിവി ദൃശ്യങ്ങളുണ്ടെന്നും സ്വപ്‌ന സുരേഷ് ചൂണ്ടിക്കാട്ടി. സ്വപ്‌നയുടെ ആവശ്യം 2016 മുതൽ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നാണ്. മറന്നുവച്ച ബാഗ് എന്തിനാണ് നയതന്ത്ര ചാനൽ വഴി കൊണ്ടുപോയതെന്ന് സ്വപ്‌ന സുരേഷ് ചോദിച്ചു. ബാഗിൽ ഉപഹാരമായിരുന്നെങ്കിൽ അത് നയതന്ത്ര ചാനൽ വഴി കൊണ്ടുപോകേണ്ട ആവശ്യമുണ്ടായിരുന്നോ എന്നും സ്വപ്‌ന ചോദിച്ചു.

മുഖ്യമന്ത്രിയാണ് കള്ളം പറയുന്നത് താനല്ലെന്ന് സ്വപ്‌ന സുരേഷ് ആരോപിക്കുന്നു. പരിശുദ്ധമായ നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരൺ ഇടനിലക്കാരനായാണ് തന്നെ വന്നുകണ്ടത്. ഷാജ് കിരൺ ഇടനിലക്കാരനല്ലെങ്കിൽ പിന്നെ എന്തിനാണ് എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്നും സ്വപ്‌ന സുരേഷ് ചോദിക്കുന്നു. സ്പ്രിംഗ്ലറിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയനാണെന്ന ആരോപണവും സ്വപ്‌ന സുരേഷ് ആവർത്തിച്ചു. ശിവശങ്കർ ബലിയാടാകുകയായിരുന്നു. തനിക്ക് ജോലി നൽകിയത് പിഡബ്ല്യുസിയാണെന്നും സ്വപ്‌ന വ്യക്തമാക്കി.

Related Articles

Latest Articles