Friday, April 19, 2024
spot_img

ഗൂഢാലോചന കേസ്; സ്വപ്നയുടെ അറസ്റ്റ് തടഞ്ഞില്ല; മുന്‍കൂര്‍ ജാമ്യാപേക്ഷ വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി

കൊച്ചി: ഗൂഢാലോചന കേസിൽ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യവും അ൦ഗീകരിച്ചില്ല.

വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കമുള്ള മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അതുകൊണ്ട് തന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്‍ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. അതേസമയം, പാലക്കാട് കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹ‍ർജിയും വെള്ളിയാഴ്ച കോടതി പരിഗണിക്കും.

അതേസമയം ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ സ്വപ്ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇ മെയിൽ വഴി ഹാജരാകാൻ കഴിയില്ലെന്ന് സ്വപ്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നൽകിയ മൊഴിയുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിലാണ് സ്വപ്‍നയെ ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.

അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാൻ സ്വപ്നയും പി സി ജോർജ്ജും ശ്രമിച്ചുവെന്ന കേസിൽ സരിത നൽകിയ രഹസ്യ മൊഴി അന്വേഷണ സംഘത്തിന് ലഭിച്ചു.
മജിസ്‌ട്രേറ്റിന് മുന്നിൽ സരിത നൽകിയ രഹസ്യമൊഴിയാണ് പ്രത്യേക സംഘം എസ്പി മധുസൂദനന് കോടതി നൽകിയത്.

സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. രഹസ്യ മൊഴിയിൽ പറയുന്ന കാര്യങ്ങളെല്ലാം കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. നിലവിൽ മൊഴിയിൽ കേസുമായി ബന്ധമില്ലാത്ത പുതിയ വെളിപ്പെടുത്തലുകളുണ്ടെങ്കിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി സി ജോർജ് തന്നെ സമീപിച്ചതായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പി സി ജോർജിനെ കൂടാതെ സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഡാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിത നൽകിയ മൊഴി.

Related Articles

Latest Articles