Friday, May 24, 2024
spot_img

ഏകാദശികളിൽ വിശിഷ്ടമായ സ്വർഗ്ഗവാതിൽ ഏകാദശി ഇന്ന്, ക്ഷേത്രങ്ങളിൽ വിശേഷാൽ ചടങ്ങുകളും പൂജകളും, വൻ ഭക്തജനത്തിരക്ക്

തിരുവനന്തപുരം :ഏകാദശികളില്‍ പരമപവിത്രമായ സ്ഥാനമാണ് സ്വര്‍ഗ്ഗവാതില്‍ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി.ധനുമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയാണിത്. കൃഷ്ണൻ സഹപാഠിയായിരുന്ന കുചേലനെ കുബേരനാക്കിയ ദിനമാണ് സ്വർഗവാതിൽ ഏകാദശി എന്നാണ്‌ ഐതിഹ്യം.സ്വർഗവാതിൽ ഏകാദശി ദിവസം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിനകത്തുളള ഒരു വാതിൽ സ്വർഗവാതിലായി കണക്കാക്കി പ്രത്യേക പൂജകൾ നടക്കും. തിരുവിതാകൂർ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രാത്രി നടക്കുന്ന ശീവേലിയിൽ ഭഗവാനെ ഇറക്കി എഴുന്നളളിക്കുകയും ചെയ്യും.

ഈ ദിവസം വിഷ്ണുക്ഷേത്ര ദർശനം നടത്തുകയും ക്ഷേത്രത്തിലെ ഒരു നടയിലൂടെ കയറി മറ്റൊരു നടയിലൂടെ പുറത്തിറങ്ങുകയും ചെയ്യുന്നതു സ്വർഗത്തിൽ എത്തിയ പുണ്യം ലഭിക്കുമെന്നാണു വിശ്വാസം.
പുരാണ കഥകൾ അനുസരിച്ച് ഏകാദശി ഒരു ദേവിയാണ് – ഏകാദശീ ദേവി. ഈ ദേവി വിഷ്ണുവിൽ നിന്നും ഉത്ഭവിച്ചതാണ്. ബ്രഹ്മദേവൻ സൃഷ്ടിച്ച അസുരനാണ് താലജംഘൻ. അദ്ദേഹത്തിന്‍റെ മകൻ മുരൻ. ഇരുവരും ചന്ദ്രാവതിപുരിയിലായിരുന്നു താമസം. അവർ ഇന്ദ്രലോകം ആക്രമിക്കുകയും ദേവേന്ദ്ര സ്ഥാനം തട്ടിയെടുക്കുകയും ചെയ്തപ്പോൾ ദേവന്മാർ മഹാദേവനെ ശരണം പ്രാപിച്ചു. മഹാദേവനാവട്ടെ അവരെ വിഷ്ണുവിന്‍റെ അടുത്തേക്ക് അയച്ചു.

ദേവന്മാർ വിഷ്ണുവിനോട് സങ്കടം ഉണർത്തിച്ചപ്പോൾ വിഷ്ണുവിൽ നിന്ന് സുന്ദരിയും അതീവ ശക്തിശാലിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. അന്ന് ഏകാദശി ദിവസം ആയതുകൊണ്ട് ദേവിക്ക് ഏകാദശി ദേവി എന്ന് പേരിടുകയും ചെയ്തു.ദേവി മുരനെ നേരിടുകയും വധിക്കുകയും ചെയ്തു. വിഷ്ണുവിന് സന്തോഷമായി. എന്താണ് വരം വേണ്ടത് എന്നു ചോദിച്ചപ്പോൾ സ്വന്തം പേരിൽ ഒരു വ്രതം ഉണ്ടാവണം എന്നും അത് എല്ലാ വ്രതങ്ങളിലും ശ്രേഷ്ഠമായിരിക്കണം എന്നും ദേവി ആവശ്യപ്പെട്ടു. വിഷ്ണു അത് സമ്മതിച്ചു.അങ്ങനെയാണ് ഏകാദശി വ്രതം ഉണ്ടായത്. വിഷ്ണുവിൽനിന്നും ഉത്ഭവിച്ച ദേവി മുരനെ കൊന്നതുകൊണ്ടാണ് വിഷ്ണുവിന് മുരാരി എന്ന പേര് ഉണ്ടായത്.ഗുരുവായൂരില്‍ സ്വർഗവാതിൽ ഏകാദശി വളരെ വിപുലമായും ഭക്തിനിർഭരമായുമാണ് അനുഷ്ഠിക്കുന്നത്

Related Articles

Latest Articles