Sunday, May 12, 2024
spot_img

സ്വാതി സംഗീത പുരസ്‌കാരം പ്രഖ്യാപിച്ചു: പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞന്‍ പി.ആര്‍.കുമാര കേരളവര്‍മ്മയ്ക്ക്,

തിരുവനന്തപുരം- സംഗീതരംഗത്ത് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ സംഗീതപ്രതിഭകള്‍ക്ക് സംസ്ഥാന സർക്കാർ നൽകുന്ന സ്വാതി സംഗീത പുരസ്‌കാരം പ്രഖ്യാപിച്ചു. 2021 വര്‍ഷത്തെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞന്‍ പി.ആര്‍.കുമാര കേരളവര്‍മ്മയ്ക്കാണ് പുരസ്‌കാരം. കര്‍ണ്ണാടക സംഗീതത്തിൻ്റെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് കുമാര കേരളവര്‍മ്മയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

തിരുവനന്തപുരം സ്വദേശിയായ കുമാര കേരളവര്‍മ്മ വളരെ ചെറുപ്രായത്തില്‍ തന്നെ കച്ചേരികള്‍ നടത്തി സംഗീത രംഗത്തേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. എണ്ണക്കാട് കൊട്ടാരത്തിലെ ഇ. രാമവര്‍മ്മ രാജയുടെയും പള്ളം കൊട്ടാരത്തിലെ സീതാദേവി തമ്പുരാട്ടിയുടെയും മകനായി ജനിച്ച അദ്ദേഹം തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജില്‍ നിന്നും സംഗീതത്തില്‍ ഗാനഭൂഷണ്‍, സംഗീത വിദ്വാന്‍, ഗാനപ്രവീണ കോഴ്സുകള്‍ ഫസ്റ്റ് ക്ലാസ്സോടെ പൂര്‍ത്തിയാക്കി.

1962 ല്‍ കേന്ദ്രസാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്നും സംഗീതത്തില്‍ ദേശീയ സ്‌കോളര്‍ഷിപ്പും കരസ്ഥമാക്കി. ശൊമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കീഴില്‍ ഗുരുകുലസമ്പ്രദായത്തില്‍ സംഗീതത്തില്‍ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കി. 1966 ല്‍ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം, പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ പ്രിന്‍സിപ്പാളായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Latest Articles