Friday, May 10, 2024
spot_img

കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് ഉല്ലാസയാത്ര! കോന്നി താലൂക്ക് ഓഫീസിലെത്തിയ സാധാരണ ജനങ്ങൾ വലഞ്ഞു;വിഷയം പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി

പത്തനംതിട്ട:കോന്നി താലൂക്ക് ഓഫീസിൽ റവന്യു വിഭാഗത്തിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത്
വിനോദയാത്രയ്ക്ക് പോയി.ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് ഇന്ന് ഓഫീസിൽ എത്തിയത്.
അവധി അപേക്ഷ പോലും നൽകാതെയാണ് 20 പേർ യാത്ര പോയത്. കൂട്ട അവധിയെപ്പറ്റി അറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ.യു.ജനീഷ്‌കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ക്ഷുഭിതനായി.

മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് സൂചന. നാളെ രണ്ടാം ശനിയാഴ്ചയും മറ്റന്നാൾ ഞായറാഴ്ചയും ആയതിനാൽ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് പോവുകയായിരുന്നുവെന്നാണ് ഓഫീസിലുള്ള ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഉദ്യോഗസ്ഥരുടെ കൂട്ട അവധിയെപ്പറ്റി അറിയാതെ നിരവധി സാധാരണ ജനങ്ങളാണ് ഇന്ന് ഓഫീസിലെത്തി കാഴ്ചക്കാരായി നോക്കി നിൽക്കേണ്ടി വന്നത്.

എംഎൽഎ പരാതിപ്പെട്ടതോടെ വിഷയം പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. എംഎൽഎ ഓഫീസിലെത്തിയപ്പോൾ തഹസിൽദാരും അവധിയിലാണ് എന്നറിഞ്ഞതോടെ ഡെപ്യൂട്ടി തഹസിൽദാരുമായിട്ടാണ് എംഎൽഎ സംസാരിച്ചത്. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം തഹസിൽദാരുടെ അധ്യക്ഷതയിൽ എംഎൽഎയുടെ യോഗം ഇന്നത്തേക്ക് നിശ്ചയിച്ചിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികളുണ്ടെന്ന് തഹസിൽദാർ പറഞ്ഞതോടെ എംഎൽഎ ഈ പരിപാടി മാറ്റിവച്ചിരുന്നു. ഓഫീസിൽ ആളില്ലെന്ന വിവരം ലഭിച്ച് എംഎൽഎ തഹസിൽദാർ ഓഫീസിൽ എത്തിയപ്പോൾ ആണ് തഹസിൽദാർ അടക്കം മൂന്നാറിലേക്ക് ടൂർ പോയതാണെന്ന് മനസ്സിലായത്.

വിഷയത്തിൽ എംഎൽഎയുമായി സംസാരിച്ചെന്നും വിഷയം അതീവ ഗൌരവത്തോടെയാണ് കാണുന്നതെന്നും റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ പത്തനംതിട്ട ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തിനാണ് ലീവ് എടുത്തതെന്ന് വ്യക്തമാക്കാൻ എല്ലാ ജീവനക്കാരോടും ആവശ്യപ്പെടും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ഈ രീതിയിൽ പെരുമാറുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ മാതൃകാപരമായ നിലപാട് ഉണ്ടാവും.

Related Articles

Latest Articles