Friday, March 29, 2024
spot_img

തമിഴ്‌നാട്ടില്‍ ക്ഷേത്രോത്സവത്തിനിടെ അപകടം; വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്, അപകടം രഥയാത്രക്കിടെ

ചെന്നൈ: തമിഴ്നാട് തഞ്ചാവൂരിലെ കലയാമേട്ടില്‍ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം സംഭവിച്ചത്. 15 പേരില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

‘വൈദ്യുത ആഘാതത്തില്‍ 10 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് ഏഴ് പേരെ ചികിത്സയ്ക്കായി തഞ്ചാവൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിക്കേറ്റ 15 പേര്‍ക്ക് ഡോക്ടര്‍മാര്‍ ആവശ്യമായ ചികിത്സ നല്‍കുന്നു. എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തു. അപകടത്തിന്റെ യഥാര്‍ഥ കാരണം കൂടുതല്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ’, സെന്‍ട്രല്‍ സോണ്‍ – തിരുച്ചിറപ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വി ബാലകൃഷ്ണന്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ 94-ാമത് മേല്‍ ഗുരുപൂജ മഹോത്സവം ആഘോഷിക്കുന്നതിനാല്‍ ചൊവ്വാഴ്ച രാത്രി മുതല്‍ പരിസര പ്രദേശങ്ങളില്‍ നിന്ന് വന്‍ ഭക്തജനത്തിരക്കാണ് സ്ഥലത്ത് അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ നഗരവീഥികളില്‍ പരമ്പരാഗത ഘോഷയാത്ര നടന്നു. നൂറുകണക്കിന് ഭക്തര്‍ രഥം വലിക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് വൈദ്യുത കമ്പി രഥത്തില്‍ തട്ടുകയായിരുന്നുവെന്നാണ് വിവരം.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് അദ്ദേഹം തഞ്ചാവൂര്‍ സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

 

Related Articles

Latest Articles