Saturday, April 27, 2024
spot_img

യൂണിവേഴ്‌സിറ്റി കോളേജിലും പീഡനം?അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വീണ്ടും വിവാദത്തില്‍. കോളേജിലെ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കോളേജ് പ്രിന്‍സിപ്പലോ അധികൃതരോ തയാറാകുന്നില്ല. അതേസമയം പരാതിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ നിഷേധിക്കാനും ആരും കൂട്ടാക്കുന്നില്ല.

യൂണിവേഴ്‌സിറ്റി കോളേജ് സ്റ്റാഫ് കൗണ്‍സിലില്‍ പരാതി ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. പ്രിന്‍സിപ്പലിന് കിട്ടിയ പരാതി മുതിര്‍ന്ന അദ്ധ്യാപകരുള്‍പ്പെട്ട കൗണ്‍സിലിന് കൈമാറുകയായിരുന്നുവത്രേ.

പെണ്‍കുട്ടിയെ മുട്ടുകുത്തി ഇരുത്തിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അതേസമയം കത്തിക്കുത്തും വിവാദത്തെയും തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ അദ്ധ്യാപകര്‍ രണ്ടുതട്ടിലാണ്. ഇവരുടെ പടലപ്പിണക്കത്തിന്റെ ഭാഗമായി ഉയര്‍ന്ന പരാതിയാണോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നു.

കുട്ടികളില്‍ നിന്ന് കിട്ടിയ പരാതി ഗ്രീവന്‍സസ് റീഡ്രസല്‍ സെല്ലിലാണ് കൈമാറേണ്ടിയിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം എല്ലാ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കേണ്ട ഇന്‍റേണല്‍ കംപ്‌ളയിന്‍റ് കമ്മിറ്റിക്ക് മുന്നിലും പരാതി ആദ്യം എത്തിയില്ല. പരാതി പുറത്തറിയാതിരിക്കാന്‍ അതീവ രഹസ്യസ്വഭാവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് അറിയുന്നത്.

കോളേജിലെ കാന്‍റീനില്‍ പാട്ട് പാടിയതിന്‍റെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ക്കിടെ അഖിലെന്ന വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിന്റെ അന്വേഷണത്തിലാണ് ഉത്തരക്കടലാസ് കണ്ടെത്തലും പി എസ്‌ സി ക്രമക്കേടുള്‍പ്പെടെയുളള സംഭവങ്ങളും പുറത്തായത്. ഈ സംഭവങ്ങളെല്ലാം പൊലീസിന്‍റെ അന്വേഷണ പരിധിയിലുണ്ട്. അതിനിടെയാണ് പുതിയ പരാതിയും ഉയര്‍ന്നിരിക്കുന്നത്.

Related Articles

Latest Articles