Thursday, October 15, 2026

ശ്രീനന്ദയ്ക്ക് കണ്ണീരോടെ വിട .. വിണ്ണിലേക്ക് മടങ്ങി കുഞ്ഞ് മാലാഖ

ഒറ്റപ്പാലം : കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മൃതദേഹം സംസ്കരിച്ചു. തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ. ശ്രീനന്ദയെ അവസാന നോക്കു കാണാൻ ബന്ധുക്കളും നാട്ടുകാരും സഹപാഠികളും കടമ്പഴിപ്പുറത്തെ വീട്ടിലേക്കെത്തി. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി അനക്കമില്ലാതെ കിടക്കുന്നത് കാണാൻ സാധിക്കാതെ സഹപാഠികൾ പലരും പൊട്ടിക്കരഞ്ഞു.

നാലുദിവസത്തെ തിരച്ചിലിലാണ് 1500 അടി താഴ്ചയിൽ നിന്ന് ഇന്നലെ ശ്രീനന്ദ മൃതദേഹം ലഭിച്ചത്. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പമാണ് ശ്രീനന്ദ വിനോദസഞ്ചാരത്തിനെത്തിയത്. ഈ മാസം എട്ടാം തീയതി പുലർച്ചെയാണ് ഇവർ യാത്രതിരിച്ചത്.

കുട്ടിയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്നും ശരീരത്തിൽ ഉടനീളം പരിക്കുകൾ ഉണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇത് വീഴ്ചയിൽ സംഭവിച്ചതെന്നാണ് കരുതുന്നത്. ഇതോടെ പെൺകുട്ടിയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുകയാണ്.

കഴിഞ്ഞ ദിവസം മാണിക്യധാര വെള്ളച്ചാട്ടത്തിന് താഴെ 1500 അടി താഴ്ചയിൽ മലയിടുക്കിലെ മരത്തിൽ കാല് കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താൻ സാധിച്ചത്. വളരെ ചെങ്കുത്തായതും ദുർഘടവുമായ ഭൂപ്രകൃതിയായതിനാൽ ആദ്യഘട്ടത്തിൽ മൃതദേഹം കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു.

മരണത്തിൽ നേരത്തെ ചില ദുരൂഹതകൾ കുടുംബം ആരോപിച്ചിരുന്നുവെങ്കിലും, നിലവിലെ അന്വേഷണത്തിലും ശാസ്ത്രീയമായ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും അവർ പൂർണ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles