Tuesday, April 30, 2024
spot_img

പാകിസ്ഥാൻ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം; തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 10 ഉദ്യോഗസ്ഥർ! 6 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം. 10 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ദ്രാബൻ മേഖലയിലുള്ള പോലീസ് സ്‌റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യാപകമായ രീതിയിൽ അക്രമസംഭവങ്ങളും വർദ്ധിച്ചിട്ടുണ്ട്.

പ്രാദേശികസമയം മൂന്ന് മണിയോടെയാണ് ഭീകരാക്രമണം നടന്നത്. തീവ്രവാദികൾ സ്‌റ്റേഷനിലേക്ക് ഇരച്ചെത്തിയ ശേഷം വെടിവയ്പ്പ് നടത്തുകയായിരുന്നു. സ്‌റ്റേഷനിലുണ്ടായിരുന്ന കോൺസ്റ്റബിൾമാരെയാണ് ഭീകരർ വെടിവച്ച് വീഴ്‌ത്തിയത്. പിന്നാലെ അക്രമികൾ സ്‌റ്റേഷന് നേരെ ഗ്രനേഡ് എറിഞ്ഞുവെന്നും, ഇതാണ് കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായതെന്നും ദ്രാബനിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മാലിക് അനീസ് ഉൾ ഹസ്സൻ പറഞ്ഞു.

പാക് താലിബാനും സർക്കാരും തമ്മിലുള്ള വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിരുന്നുവെങ്കിലും, 2022 മുതൽ കരാർ പാലിച്ചിരുന്നില്ല. പിന്നാലെ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വലിയ തോതിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ പാകിസ്ഥാനിലെ സൈനിക ക്യാമ്പിലുണ്ടായ ചാവേർ ആക്രമണത്തിൽ 23 സൈനികർ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ക്യാമ്പിനുള്ളിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം നടത്തിയത്.

Related Articles

Latest Articles