Monday, May 6, 2024
spot_img

“ഹിന്ദി ഇന്ന് ലോകം ശ്രദ്ധിക്കുന്ന ഭാഷകളിലൊന്ന്”; ദേശീയ ഹിന്ദി ഭാഷാ ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ദില്ലി: ഇന്ന് ദേശീയ ഹിന്ദി ഭാഷാ ദിനം. ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാസമിതി 1949 സെപ്റ്റംബർ 14ന് ഹിന്ദിയെ ഇന്ത്യയുടെ ഭരണഭാഷയായി തെരഞ്ഞെടുത്തു. ഈ തീയതി പിന്നീട് ദേശീയ ഹിന്ദി ദിനായി മാറുകയായിരുന്നു. ഈ പ്രത്യേക ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും.

“ഭാരതത്തെ ഒന്നിപ്പിക്കുന്നതിൽ ഹിന്ദി ഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണ്” ഹിന്ദി ഭാഷയെ സമ്പന്നമാക്കാൻ എല്ലാ മേഖലയിലെയും ജനങ്ങൾ നൽകുന്ന സേവനത്തിനു നന്ദി പറഞ്ഞുകൊണ്ടേയിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

എന്നാൽ, “ഹിന്ദി ഇന്ന് ലോകം ശ്രദ്ധിക്കുന്ന ഭാഷയാണെന്നും ആത്മനിർഭർ ഭാരത് എന്നത് നിർമ്മാണത്തിൽ മാത്രമല്ല, ഭാഷയുടെ കാര്യത്തിലും ശക്തമാണെന്നും” കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

അതേസമയം പ്രധാനമന്ത്രിയുടെ ലോകരാജ്യങ്ങളിലെ സന്ദർശനങ്ങൾ ഹിന്ദിയെ ലോകം മുഴുവൻ എത്തിച്ചുവെന്നും, ലോകത്തോട് സംസാരിക്കാൻ നമ്മുടെ രാഷ്‌ട്രഭാഷയ്‌ക്ക് സാധിക്കുമെന്നും നരേന്ദ്രമോദി തെളിയിച്ചതായും തന്റെ ട്വീറ്റിൽ ഹിന്ദി ദിനാശംസകൾ നേർന്നുകൊണ്ട് അമിത് ഷാ പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം ദേവനാഗിരി ലിപിയിലെഴുതപ്പെട്ട ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഏകദേശം 250 ദശലക്ഷത്തിലധികം ആൾക്കാർ ഹിന്ദി സംസാരിക്കുന്നുവെന്നാണ് കണക്ക്. നൂറ്റാണ്ടുകൾക്കു മുമ്പ് സിന്ധുനദിയുടെ തീരത്ത് വസിച്ചിരുന്നവർ സംസാരിച്ചിരുന്ന ഭാഷ ഹിന്ദി എന്നറിയപ്പെട്ടിരുന്നു. സിന്ധു നദിയുടെ തീരം എന്നാണ് ഈ വാക്കിന്റെ അർത്ഥം.

2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 43.6 ശതമാനം ആൾക്കാർ ഹിന്ദി സംസാരിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും അധികം സംസാരിക്കുന്ന നാലാമത്തെ ഭാഷ എന്ന പ്രത്യേകതയും ഹിന്ദിക്കുണ്ട്. ദില്ലി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ഭരണഭാഷ ഹിന്ദിയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ രണ്ടാം ഭാഷയാണ് ഹിന്ദി. ഹിന്ദിക്ക് പുറമെ മറാഠി, സംസ്കൃതം, സിന്ധി, ബീഹാറി, കൊങ്കിണി, കശ്മീരി, നേപ്പാളി തുടങ്ങിയ ഭാഷകളും എഴുതുന്നതും ദേവനാഗരി ലിപിയിലാണ്. ദേവഭാഷയായി അറിയപ്പെടുന്ന സംസ്കൃതം എഴുതാൻ ഉപയോഗിച്ചതിനാലാണ് ഈ ലിപി ദേവനാഗരി എന്നറിയപ്പെടുന്നത്.

Related Articles

Latest Articles