Saturday, May 4, 2024
spot_img

അമിത് ഷായുടെ സന്ദർശനത്തിനിടെ കശ്മീരിൽ ഭീകരാക്രമണം; പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും, രണ്ടു പോലീസുകാർക്കും പരിക്ക്

ദില്ലി: അമിത് ഷായുടെ സന്ദർശനത്തിനിടെ കശ്മീരിൽ ഭീകരാക്രമണം (Terrorists Attack In Jammu Kashmir). പൂഞ്ചിലാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരനുമായി തെളിവെടുപ്പിനെത്തിയ സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ ലഷ്‌കർ ഭീകരൻ സിയ മുസ്തഫയെ പ്രദേശത്ത് എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ച് മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാളെ സൈന്യം പിടികൂടുന്നത്. ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിനായാണ് ഇയാളെ പ്രദേശത്തേയ്‌ക്ക് എത്തിച്ചത്. ബട്ട ദുര്യനിലെത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിൽ ഒരു ജവാനും, രണ്ട് പോലീസുകാർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. ഷോപ്പിയാനിൽ ഒരു തദ്ദേശീയൻ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനം തുടരുകയാണ്. ജമ്മു കശ്മീർ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പുൽവാമ ഭീകരാക്രമണത്തിലെ രക്തസാക്ഷികൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ ആദരാജ്ഞലികൾ അർപ്പിക്കും. പുൽവാമയിലെ ലാത്ത്‌പോറയിലുള്ള സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്ററിൽ എത്തിയാകും ആഭ്യന്തരമന്ത്രി വീരമ്യത്യുവരിച്ച സി.ആർ.പി.എഫ് സേനാംഗങ്ങൾക്ക് ആണ് ആദരാജ്ഞലികൾ അർപ്പിക്കുക.

അതോടൊപ്പം ജമ്മുവിലെ വിവിധ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ഇന്നലെയാണ് അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കശ്മീരിലെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഭീകരാക്രമണങ്ങൾ നടന്ന മേഖലയാണ് ലാത്ത്‌പോറ. ആഭ്യന്തരമന്ത്രിയുടെ സന്ദർശനം മുൻ നിർത്തി കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുളളത്. പ്രദേശത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ ഭീകരാക്രമണത്തിന് ഇരയായ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ സന്ദർശനം.

Related Articles

Latest Articles