ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും ഭീകരാക്രമണം. ജമ്മു- കശ്മീരിലെ ബുദ്ഗാമിൽ രാഹുൽ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചു കൊന്നു. റവന്യൂ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ രാഹുലിനെയാണ് വെടിവെച്ചത്. ചധൂരയിലെ തഹസീൽ ഓഫീസ് പരിസരത്ത് വെച്ചാണ് വെടിവെച്ചു കൊലപ്പെടുത്തിയത്.
സംഭവത്തെ തുടർന്ന് ഉടനടി രാഹുലിനെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഭീകരസംഘത്തിൽ രണ്ട് തീവ്രവാദികൾ ഉണ്ടായിരുന്നെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. മാത്രമല്ല ഇവർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നും പോലീസ് വെളിപ്പെടുത്തി.
ഇന്നലെ ബന്ദിപ്പോരയിൽ ഒരു ഭീകരനെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു. കൂടാതെ അനന്ത്നാഗിലും ഏറ്റുമുട്ടൽ നടന്നിരുന്നു. രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഭീകരൻ ഗുൽസാർ അഹമ്മദ് ആണ് ബന്ദിപോരയിൽ കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെയും ബന്ദിപ്പോരയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

