Sunday, April 28, 2024
spot_img

പതിവ് തെറ്റിച്ച് തങ്ക അങ്കി ഘോഷയാത്ര! പേടകങ്ങൾ സന്നിധാനത്ത് എത്തിക്കാൻ അയ്യപ്പസേവാ സംഘം വോളണ്ടിയർമാർ ഇക്കൊല്ലമില്ല, അങ്കി എത്തിക്കുന്നത് തിരുവാഭരണ വാഹക സംഘം!

പത്തനംതിട്ട : തങ്കയങ്കി വഹിച്ചുകൊണ്ടുള്ള രഥയാത്ര നിലയ്ക്കലെത്തി. പമ്പയിൽ നിന്ന് തങ്കയങ്കി അടങ്ങിയ പേടകം ശിരസിലേറ്റി സന്നിധാനത്തേക്ക് കൊണ്ട് പോകുന്നത് ഏഴുപേരാണ്. കുളത്തിനാൽ ഉണ്ണികൃഷ്ണൻ, തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ, വെളിച്ചപ്പാട്ട് വിജയകുമാർ, പനച്ചിക്കൽ വിനീത്, തോട്ടത്തിൽ പ്രവീൺ കുമാർ, ദീപു നന്തിലപ്പള്ളിൽ, ഗോപിനാഥക്കുറുപ്പ് എന്നിവരെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിശ്ചയിച്ചത്. മുൻ വർഷങ്ങളിൽ അയ്യപ്പസേവാ സംഘത്തിന്റെ പ്രവർത്തകരാണ് തങ്കയങ്കി പേടകം സന്നിധാനത്ത് എത്തിച്ചിരുന്നത്.

അതേസമയം, തുടർച്ചയായ രണ്ടാം ദിവസവും 18-ാം പടി കയറിയ തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നും തീർത്ഥാടകരുടെ നിര നീളുകയാണ്. ഇന്നലെ രാത്രി നടയടച്ച ശേഷം അപ്പാച്ചിമേട് വരെ തീർത്ഥാടകരുടെ നിര നീണ്ടു. പമ്പയിൽനിന്ന് തീർത്ഥാടകരെ കയറ്റി വിടുന്നതിലെ നിയന്ത്രണം ഇന്നും തുടരുകയാണ്. നിലക്കലിലും ഇടത്താവളങ്ങളിലും നിയന്ത്രണം തുടരുന്നുണ്ട്.

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വൈകുന്നേരം ദീപാരാധനയ്ക്ക് മുൻപായി സന്നിധാനത്ത് എത്തും. നാളെ വൈകുന്നേരത്തെ ദീപാരാധനയും മണ്ഡലപൂജയും തങ്കയങ്കി ചാർത്തിയായിരിക്കും നടക്കുക. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലാണ് തങ്കയങ്കി സൂക്ഷിക്കുന്നത്. മണ്ഡലപൂജയ്ക്ക് മുൻപായി രഥയാത്രയായി തങ്കയങ്കി സന്നിധാനത്തേക്ക് എത്തിക്കും.

Related Articles

Latest Articles