Saturday, September 19, 2026

അവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾക്കായി വിനോദയാത്ര; ബോട്ടപകടത്തിൽ പൊലിഞ്ഞത് അമ്മയും മൂന്ന് മക്കളും, മകൻ ഗുരുതരാവസ്ഥയിൽ; കണ്ണീരുമായി ബന്ധുക്കൾ

മലപ്പുറം: ഇരുപത്തിരണ്ട് പേർ മരിച്ച മലപ്പുറം താനൂർ ബോട്ടപകടത്തിൽ അമ്മയും മൂന്ന് മക്കളും മരിച്ചു. ഒരു മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. മലപ്പുറം ചെട്ടിപ്പടിയിൽ വെട്ടികുത്തി വീട്ടിൽ ആയിഷാബി (38 ), ഇവരുടെ മക്കളായ ആദില ഷെറിൻ (13), അർഷാൻ (3) അദ്നാൻ (10) എന്നിവരാണ് മരിച്ചത്. ആയിഷാബിയുടെ അമ്മ സീനത്തും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമ്മയും മക്കളുമുൾപ്പെടെ ആറ് പേരായിരുന്നു വിനോദയാത്രക്കായി താനൂരിലേക്ക് പോയത്.

അവധിക്കാലമായതിനാലാണ് കുട്ടികളുമായി കുടുംബം വിനോദയാത്രക്ക് പോയത്. സ്വന്തമായി അധ്വാനിച്ച് കുടുംബം നോക്കിയിരുന്ന ആളായിരുന്നു അയിഷാബീ. താനൂരിനടുത്തുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് അയിഷാബീ ജോലി ചെയ്തിരുന്നത്. അയിഷാബിയുടെയും കുടുംബത്തിന്റെയും ദാരുണ മരണം നാട്ടുകാർക്ക് ആർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം രാവിലെ നാട്ടിലേക്ക് എത്തിച്ചു. തുടർന്ന് ആനപ്പടി ഗവ. എൽ.പി സ്കൂളിൽ പൊതുദർശനം തുടരുകയാണ്.

താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

Related Articles

Latest Articles