അമരാവതി: ഓടിക്കൊണ്ടിരിക്കെ സർക്കാർ ബസിന് തീപിടിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ്
സംഭവം. ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് ബസിന് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥിക നിഗമനം. വിദ്യാർത്ഥികളടക്കം 50 യാത്രക്കാരുമായി ഗുഡിവാഡയിൽ നിന്ന് വിജയവാഡയിലേക്ക് പോവുകയായിരുന്ന ബസിനാണ് അപ്രതീക്ഷിതമായി തീപിടിച്ചത്. ബസിന്റെ എഞ്ചിനിൽ നിന്നാണ് തീ ആളി പടർന്നത്.
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരോട് വാഹനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ നിർദ്ദേശം നൽകുകയായിരുന്നു.തീ ആളിപ്പടരുന്നതിന് മുമ്പ് തന്നെ മുഴുവൻ യാത്രക്കാരും സുരക്ഷിതരായി ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ വാഹനം പൂർണമായും കത്തി നശിച്ചതോടെ യാത്രക്കാരിൽ പലർക്കും അവരുടെ സാധനങ്ങൾ നഷ്ടമായിട്ടുണ്ട്. പലർക്കം പണം നഷ്ടമായതായി പറയുന്നു. ഫയർഫോഴ്സ് എത്തിയ ശേഷമാണ് തീ അണച്ചത്.

