Saturday, October 3, 2026

മുഗളന്മാരുടെ ഇസ്‌ലാമിക വൽക്കരണത്തിനെതിരെ പൊരുതി മരിച്ച ചാർ സാഹിബ്സാദേയുടെ സ്മരണയിൽ ഭാരതം ! രാജ്യം നാളെ വീർ ബാൽ ദിവസ് ആഘോഷിക്കും

വിശ്വാസത്തിന്റെയും ധർമ്മത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓർമിപ്പിച്ചു കൊണ്ട് രാജ്യം നാളെ വീർ ബാൽ ദിവസ് ആഘോഷിക്കും.

സിഖ് മതത്തിലെ പത്താമത്തെയും അവസാനത്തെയും ഗുരുവായിരുന്ന ഗുരു ഗോവിന്ദ് സിംഗ് സിഖ് ചരിത്രത്തിൽ ഒഴിച്ച് കൂടാനാകാത്ത വ്യക്തിയാണ്.ഗുരു ഗോബിന്ദ് സിംഗിന്റെ അമ്മയുടെയും പുത്രന്മാരായ അജിത് സിംഗ് , ജുജാർ സിംഗ് ,സാഹിബ്സാദ ഫത്തേ സിംഗ്, സാഹിബ്സാദ സോറാവർ സിംഗ് എന്നിവരുടെയും രക്തസാക്ഷിത്വം രാജ്യത്തിന്റെ ചരിത്രത്തിൽ കൊത്തിവയ്ക്കപ്പെട്ടതാണ്.

ഈ മഹത്തായ ത്യാഗത്തെ അനുസ്മരിക്കാനും വരും തലമുറകൾക്ക് പകർന്നു നൽകാനുമായി ഡിസംബർ 26 ‘വീർ ബാൽ ദിവസ്’ ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു .സാഹിബ്‌സാദാ സൊറാവർ സിംഗും , സാഹിബ്‌സാദാ ഫത്തേ സിംഗും ജീവനോടെ ചുവരിൽ കുഴിച്ചു മൂടപ്പെട്ട ദിവസമായ ഡിസംബർ 26 ആണ് വീർ ബാൽ ദിവസ് ആഘോഷിക്കാൻ വേണ്ടി നരേന്ദ്ര മോദി തെരഞ്ഞെടുത്തത് എന്നത് ശ്രദ്ധേയമാണ്. 2022 ഡിസംബർ 26-ന് ദില്ലിയിലെ മേജർ ധ്യാൻ ചന്ദ് മെമ്മോറിയൽ നാഷണൽ സ്റ്റേഡിയത്തിൽ ആദ്യമായി വീർ ബാൽ ദിവസ് എന്ന പേരിൽ ആചരിക്കുകയുണ്ടായി .

17-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിൽ, മുഗൾ സാമ്രാജ്യത്തിന്റെ ഭരണം ഔറംഗസേബിന്റെ കൈകളിലായിരുന്നു. കടുത്ത മതപരിവർത്തന നയങ്ങൾക്കും മറ്റു മതസ്ഥരോടുള്ള അസഹിഷ്ണുതയ്ക്കും കുപ്രസിദ്ധി നേടിയയാളാണ് ഔറംഗസേബ്. ഒൻപതാമത്തെ സിഖ് ഗുരുവായ ഗുരു തേഗ് ബഹദൂറിനെ ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഔറംഗസേബ് വധിക്കുന്നത്. പിതാവിന്റെ രക്തസാക്ഷിത്വത്തിനു ശേഷം പത്താമത്തെ സിഖ് ഗുരുവായി ചുമതലയേറ്റ ഗോബിന്ദ് സിംഗ്, മുഗൾ ഭരണാധികാരികളുടെ അനീതിക്കെതിരെ പ്രതികരിച്ചു.

മുഗൾ ഭരണാധികാരികളുടെ മതപരിവർത്തന നയങ്ങൾക്കെതിരെ പ്രതികരിച്ച ഗുരു ഗോബിന്ദ് സിംഗ് 1699-ൽ സ്വന്തം വിശ്വാസത്തെയും ധർമ്മത്തെയും സംരക്ഷിക്കുന്നതിനും മുഗളർക്കെതിരെ പോരാടാനുമായി ‘ഖാൽസ’ എന്ന സിഖ് യോദ്ധാക്കളുടെ സംഘടന രൂപീകരിച്ചു. സിഖ് സമുദായത്തെ സംരക്ഷിക്കാനും സ്വാതന്ത്ര്യത്തിനായി പോരാടാനുമായി രൂപീകരിച്ച ഈ സംഘടന മുഗളന്മാർക്ക് വലിയ വെല്ലുവിളിയായി മാറി. തുടർന്നുള്ള കാലത്ത് മുഗൾ സൈന്യവുമായി നിരവധി ഏറ്റുമുട്ടലുകൾ നടന്നു.

1704-ൽ മുഗൾ സൈന്യത്തിന്റെയും അവരുടെ സഖ്യകക്ഷികളുടെയും നിരന്തരമായ ആക്രമണങ്ങൾ മൂലം ഗുരു ഗോബിന്ദ് സിംഗും കുടുംബവും പഞ്ചാബിലെ ആനന്ദ്പുർ സാഹിബിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നു.

ചാർ സാഹിബ്സാദേ എന്നറിയപ്പെടുന്ന നാല് പുത്രന്മാരുണ്ടായിരുന്ന ഗുരുവിന്റെ കുടുംബം ഈ പലായനത്തിനിടെ വേർപിരിയുകയായിരുന്നു. ഏറ്റവും ഇളയ രണ്ട് പുത്രന്മാരായ സാഹിബ്സാദ ഫത്തേ സിംഗും സാഹിബ്സാദ സോറാവർ സിംഗും അവരുടെ അമ്മൂമ്മയായ മാതാ ഗുജരിയും കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ടു പോയി.

പഴയ ആശ്രിതനായ ഗംഗു എന്നയാളുടെ കുടിലിൽ അവർ അഭയം തേടി. എന്നാൽ ഗംഗു അവരെ, ചതിച്ച് മുഗൾ സൈന്യത്തെ വിവരം അറിയിക്കുകയായിരുന്നു. മുഗൾ സൈന്യം അവരെ പിടികൂടി സിർഹിന്ദിലെ ഠണ്ഡാ ബുർജിൽ തടവിലാക്കി. അതേസമയം, ഗുരു ഗോബിന്ദ് സിംഗിനെ പിന്തുടർന്ന മുഗൾ സൈന്യം ചംകൗറിൽ വെച്ച് അദ്ദേഹത്തിന്റെ 40 സൈനികരെ ആക്രമിച്ചു. ഈ യുദ്ധത്തിൽ മൂത്ത പുത്രന്മാരായ സാഹിബ്സാദ അജിത് സിംഗ് (17) ജുജാർ സിംഗ് (13) എന്നിവർ വീരമൃത്യു വരിച്ചു.

സിർഹിന്ദിലെ മുഗൾ ഗവർണറായ വസീർ ഖാൻ, തടവിലായിരുന്ന ഇളയ കുട്ടികൾക്ക് ഒരു വാഗ്ദാനം നൽകി – ഇസ്ലാം മതം സ്വീകരിച്ചാൽ സുരക്ഷിതമായി പോകാം എന്ന വാഗ്ദാനം . എന്നാൽ കഠിനമായ പീഡനങ്ങൾക്കും ഭീഷണികൾക്കും വിധേയരായിട്ടും വെറും ഒൻപതും അഞ്ചും വയസ്സും മാത്രം പ്രായമുണ്ടായിരുന്ന സാഹിബ്സാദ ഫത്തേ സിംഗും സാഹിബ്സാദ സോറാവർ സിംഗും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാൻ തയ്യാറായില്ല. ഇതോടെ വസീർ ഖാൻ അവരെ ജീവനോടെ മതിൽ കെട്ടാൻ ഉത്തരവിട്ടു. മതിൽ കെട്ടി മുട്ടുവരെ എത്തിയപ്പോൾ ഇസ്ലാം മതം സ്വീകരിച്ചാൽ വെറുതെ വിടാം എന്ന് വീണ്ടും അവരെ അറിയിച്ചെങ്കിലും അവർ വിസമ്മതിച്ചു. ജീവനോടെ മതിൽ കെട്ടപ്പെട്ട അവർ ശ്വാസം മുട്ടിയെ ങ്കിലും തങ്ങളുടെ വിശ്വാസം വെടിയാൻ തയ്യാറായില്ല. ഇതിനിടെ മതിൽ പൊളിഞ്ഞു വീണു. തുടർന്ന് ഇരുവരെയും കഴുത്തറുത്താണ് മുഗളന്മാർ കൊലപ്പെടുത്തിയത്. തന്റെ കൊച്ചു മക്കളുടെ മരണ വാർത്ത കേട്ട അമ്മൂമ്മ മാതാ ഗുജരിയും അല്പസമയത്തിനകം ഹൃദയം പൊട്ടി മരിച്ചു.

ബാബ സോറാവർ സിംഗിനെയും ബാബ ഫത്തേ സിംഗിനെയും കുഴിച്ചിട്ട ചുവര് ഇന്നും പഞ്ചാബിലെ സിർഹിന്ദിൽ നിലനിൽക്കുന്നുണ്ട് . സാഹിബ്സാദേകളുടെ ത്യാഗം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നോടിയായും കണക്കാക്കപ്പെടുന്നു. മുഗൾ ഭരണാധികാരികളുടെ മതപരിവർത്തന നയങ്ങൾക്കെതിരെയുള്ള അവരുടെ പ്രതിരോധം, പിൽക്കാലത്ത് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രചോദനമായി. സ്വന്തം വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായ അവരുടെ ധീരത, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് പ്രചോദനമായി.

സാഹിബ്സാദേകളുടെ രക്തസാക്ഷിത്വം വെറും ഒരു ചരിത്ര സംഭവം മാത്രമല്ല, വിശ്വാസത്തിനും ധർമ്മത്തിനും വേണ്ടിയുള്ള ത്യാഗത്തിന്റെ ചിരസ്ഥായിയായ മാതൃകയാണ്. അവരുടെ കഥ നമ്മെ പഠിപ്പിക്കുന്നത് വിശ്വാസത്തിന്റെ ശക്തിയെയും, ധർമ്മത്തിനു വേണ്ടി നിലകൊള്ളുന്നതിന്റെ പ്രാധാന്യത്തെയും കുറിച്ചാണ്. എത്ര ചെറിയ പ്രായത്തിലായാലും നമ്മുടെ മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കും വേണ്ടി ഉറച്ചു നിൽക്കാനുള്ള കരുത്ത് നമുക്കുണ്ടാകണമെന്ന സന്ദേശമാണ് അവരുടെ ജീവിതം നൽകുന്നത്.

ഡിസംബർ 26-ന് വീർ ബാൽ ദിവസ് ആചരിക്കുമ്പോൾ, നാം ആദരിക്കുന്നത് ചെറിയ വയസ്സിലും അസാധാരണമായ ധൈര്യവും വിശ്വാസദാർഢ്യവും പ്രകടിപ്പിച്ച സാഹിബ്സാദേകളുടെ ഈ ത്യാഗത്തെയാണ്.

സാഹിബ്സാദേകളുടെ രക്തസാക്ഷിത്വം നമ്മെ ഓർമ്മിപ്പിക്കുന്നത് വിശ്വാസത്തിന്റെയും ധർമ്മത്തിന്റെയും കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ്. ഡിസംബർ 26-ന് വീർ ബാൽ ദിവസായി ആചരിക്കുമ്പോൾ, നാം ആദരിക്കുന്നത് വെറും ഒരു ചരിത്ര സംഭവത്തെ മാത്രമല്ല, മറിച്ച് നമ്മുടെ രാജ്യത്തിന്റെ മൂല്യങ്ങളെയും പാരമ്പര്യത്തെയും കൂടിയാണ്.

Related Articles

Latest Articles