Sunday, May 26, 2024
spot_img

യമൻ പൗരന്റെ കൊലപാതകം: നിമിഷപ്രിയയുടെ ഹർജിയിൽ വിധി പറയുന്നത് കോടതി വീണ്ടും മാറ്റി

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ (Nimisha Priya Case) അപ്പീൽ ഹർജിയിൽ വിധി പറയുന്നത് കോടതി വീണ്ടും മാറ്റി. ജഡ്ജി കോടതിയിൽ വരാതിരുന്നതിനെ തുടർന്നാണ് സന ഹൈക്കോടതിയുടെ നടപടി.

പുതിയ തീയതി അറിയിച്ചിട്ടില്ല. ഭരണപരമായ ചില കാരണങ്ങളാൽ ഉത്തരവ് മാറ്റി വയ്ക്കുന്നുവെന്നാണ് കോടതി അറിയിച്ചത്. യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. 2017 ൽ യമൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.

എന്നാൽ ഉത്തരവ് റദ്ദാക്കണമെന്നും അല്ലെങ്കിൽ ശിക്ഷാ ഇളവ് വേണമെന്നും ആവശ്യപ്പെട്ടാണ് നിമിഷ പ്രിയ അപ്പീൽ കോടതിയെ സമീപിച്ചത്. യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. തലാലിനെ അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു. കൊല്ലങ്കോട് സ്വദേശി പ്രേമകുമാരിയുടെ മകളാണു നിമിഷപ്രിയ.

Related Articles

Latest Articles