Saturday, April 27, 2024
spot_img

തൊഴിലുറപ്പ് പദ്ധതിയുടെ ദിവസ വേതനം വർധിപ്പിച്ചു ! വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കുന്നത് എട്ട് മുതൽ 10 ശതമാനം വർധനവ് ; കേരളത്തിൽ വർധിക്കുക 13 രൂപ

ദില്ലി : തൊഴിലുറപ്പ് പദ്ധതി (മഹാത്മാ​ഗാന്ധി നാഷ്ണൽ റൂറൽ എംപ്ലോയിമെന്റ് ​ഗ്യാരന്റി സ്കീം) യുടെ ദിവസ വേതനം വർധിപ്പിച്ചു. എട്ട് മുതൽ 10 ശതമാനം വർധനവാണ് വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 14.5 കോടി ജനങ്ങളാണ് രാജ്യത്ത് തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിൽ ചെയ്യുന്നത്. ഓരോ സംസ്ഥാനങ്ങളിലേയും ജീവിത ചെലവുകൾ പരി​ഗണിച്ച് വ്യത്യസ്ത കൂലിയാണുള്ളത്.

ഏഴ് രൂപ മുതൽ 34 രൂപവരെയാണ് പുതിയ വിജ്ഞാപന പ്രകാരം വർധിക്കുക. കേരളത്തിൽ 13 രൂപയുടെ വർധനവാകും ഉണ്ടാകുക. ഏറ്റവും കൂടുതൽ വർധനവുണ്ടായത് ​ഗോവയിലാണ്- 34 രൂപ. ഇതോടെ ​ഗോവയിലെ തൊഴിലാളികൾക്ക് 356 രൂപ വേതനമായി ലഭിക്കും. ഏഴ് രൂപ വർധിച്ച ഉത്തർപ്രദേശിലാണ് ഏറ്റവും കുറഞ്ഞ തുക വർധിച്ചിരിക്കുന്നത്. ഇതോടെ ഇവിടത്തെ വേതനം 230 രൂപയാകും. ഏറ്റവും കൂടുതൽ വേതനം കിട്ടുന്നത് നിലവിൽ ഹരിയാനയിലാണ്. വർധനവ് വരുന്നതോടെ ഇത് 374 രൂപയാകും. 13 രൂപ വർധിക്കുന്നതോടെ കേരളത്തിലെ കൂലി 346 രൂപയാകും.ബീഹാറിൽ 17 രൂപ വർധിച്ചു. പുതുക്കിയ കൂലി ഏപ്രിൽ ഒന്നുമുതൽ നിലവിൽവരും.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടർന്നുള്ള പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രത്യേക അനുമതി വാങ്ങിയശേഷമാണ് ​ഗ്രാമ വികസന മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം ഇറക്കിയത് എന്നാണ് റിപ്പോർട്ട്.

Related Articles

Latest Articles