കോട്ടയം : തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സി.ഐ.ടി.യു കൊടികുത്തിയ സംഭവത്തിന് പിന്നാലെ ജില്ലാ ലേബർ ഓഫിസർ വിളിച്ചു ചേർത്ത ചർച്ചയിൽ തീരുമാനമായില്ല. ചർച്ച ഇന്നും തുടരാനാണ് സാധ്യത. ശമ്പളത്തർക്കത്തെ തുടർന്നാണ് തിരുവാർപ്പിൽ സ്വകാര്യ ബസിനു മുന്നിൽ സിഐടിയു കൊടികുത്തിയത്. സർവീസ് നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി വിധി വന്ന് മൂന്നാം ദിനവും ബസ് സർവീസ് പുനരാരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ബസ് ഉടമ രാജ്മോഹൻ കൈമളിനെ സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ.ആർ.അജയ് മർദ്ധിച്ചിരുന്നു. തുടർന്ന് പൊലീസ്, ഉടമയുടെ യാർഡിലേക്കു ബസ് മാറ്റിയിട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് തൊഴിൽതർക്കത്തെ തുടർന്ന് തിരുവാർപ്പ്- കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിൽ സി.ഐ,ടി,യു കൊടികുത്തിയത്. തുടർന്ന് ബസുടമയും വിമുക്തഭടനുമായ രാജ്മോഹൻ ബസിന് മുന്നിൽ ലോട്ടറി വില്പന ആരംഭിച്ചു. ഹൈക്കോടതിയെ സമീപിച്ച രാജ് മോഹൻ പൊലീസ് സംരക്ഷണത്തോടെ സർവീസ് നടത്താൻ ഉത്തരവ് നേടിയിരുന്നു,

