Thursday, May 9, 2024
spot_img

പ്രതീക്ഷിച്ച മഴ ലഭിച്ചില്ല! ജലസംഭരണികളിൽ ജലനിരപ്പ് കുറയുന്നു; വൈദ്യുതി ദൗർലഭ്യം നേരിടേണ്ടി വരുമോ എന്ന് ആശങ്ക

തിരുവനന്തപുരം: ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനെ തുടർന്ന് ജലസംഭരണികളിൽ ജലനിരപ്പ് കുറയുന്നതായി റിപ്പോർട്ട്. ഇതോടെ, ജലവൈദ്യുത ഉൽപ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യുതി ദൗർലഭ്യം നേരിടേണ്ടി വരുമെന്നാണ് വൈദ്യുതി വകുപ്പിന്റെ ആശങ്ക.

കഴിഞ്ഞ ദിവസം 9.04 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉൽപ്പാദിപ്പിച്ചത്. പ്രതിദിനം ശരാശരി 17 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ വെള്ളം ജലസംഭരണികളിൽ എത്തുന്നത്. എല്ലാ സംഭരണികളിലുമായി 15 ശതമാനം വെള്ളം മാത്രമാണ്. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയിൽ 14 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. ഇത്തവണ സംഭരണികളിലേക്കുള്ള നീരൊഴുക്കിലും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശരാശരി നീരൊഴുക്ക് 2.67 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ്.

മഴ ലഭിക്കുമ്പോഴുള്ള ജലം സംഭരിച്ച് വേനല്‍ക്കാലത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല മഴ കൂടുതല്‍ ലഭിക്കുന്ന സമയത്ത് വൈദ്യുതി അധികം ഉല്‍പ്പാദിപ്പിച്ച് അന്യ സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കാറുമുണ്ട്. എന്നാല്‍, ജലനിരപ്പ് കുറഞ്ഞതോടെ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് ബോര്‍ഡ്.

Related Articles

Latest Articles