Saturday, April 27, 2024
spot_img

ഭിന്നശേഷിക്കാരനായ അഞ്ചുവയസുകാരന്റെ സ്വർണ്ണമാല കവർന്ന് പകരം മുക്കുപണ്ടം അണിയിച്ചു; അങ്കണവാടി ടീച്ചർ അറസ്റ്റിൽ

കുട്ടനാട്: ഭിന്നശേഷിക്കാരനായ അഞ്ചുവയസുകാരന്റെ സ്വർണ്ണമാല കവർന്നെടുത്ത ശേഷം മുക്കുപണ്ടം അണിയിച്ച അങ്കണവാടി ടീച്ചർ പിടിയിൽ. കുന്നങ്കരിയിലെ അങ്കണവാടി അദ്ധ്യാപിക ശോഭാ സജീവിനെയാണ് കോടതി റിമാൻഡ് ചെയ്തത്. കുന്നങ്കരി സ്വദേശിയുടെ മകന്റെ 10 ഗ്രാമിന്റെ മാല ഇവർ കവരുകയും ശേഷം ചങ്ങനാശ്ശേരിൽ നിന്ന് ഇതേ മാതൃകയിൽ മുക്കുപണ്ടം വാങ്ങി കഴുത്തിലിട്ട് വിടുകയുമായിരുന്നുവെന്ന് പോലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്.

മാലയുടെ ലോക്കറ്റ് അഴിച്ചുമാറ്റി മുക്കുപണ്ടത്തിൽ കൊളുത്തിയാണ് കുട്ടിയുടെ കഴുത്തിലിട്ടത്. ഭിന്നശേഷിക്കാരനായതിനാൽ കുട്ടിക്ക് ഇതേപ്പറ്റി ആരോടും പറയാൻ സാധിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ശോഭയുണ്ടായിരുന്നത്. മാലയ്ക്കു കൂടുതൽ തിളക്കമുള്ളതായിക്കണ്ട് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്നു മനസ്സിലായത്. തുടർന്ന് വീട്ടുകാർ രാമങ്കരി പോലീസിൽ പരാതി നൽകുകയായിരുന്നു.

അങ്കണവാടി ടീച്ചറെയടക്കം ചോദ്യം ചെയ്തെങ്കിലും സംശയത്തിനിട കൊടുക്കാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. പിന്നീടു നടത്തിയ വിശദ പരിശോധനയിൽ വാലടിയിലെ സ്വകാര്യ സ്വർണ്ണപ്പണയ സ്ഥാപനത്തിൽ, മോഷണം പോയ അന്നുതന്നെ മാല പണയം വെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് നടന്ന പരിശോധനയിലാണ് ശോഭാ സജീവ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡു ചെയ്തു.

Related Articles

Latest Articles