Wednesday, May 8, 2024
spot_img

ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരം പൂർത്തിയാക്കാതെ കളം വിട്ട സംഭവം; ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് വൻ പിഴത്തുക ?

ദില്ലി : ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരം ബെംഗളൂരു എഫ്സി നേടിയ വിവാദ ഗോൾ റഫറി അനുവദിച്ചതിനെത്തുടർന്ന് പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിന് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വൻ പിഴത്തുക . ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ബ്ലാസ്റ്റേഴ്സിന് അഞ്ച് കോടി രൂപ പിഴ ചുമത്താനാണു സാധ്യതയെന്ന് റിപ്പോർട്ട്. എഐഎഫ്എഫിന്റെ അച്ചടക്ക സമിതിയാണ് ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയെടുക്കുക.

എഐഎഫ്എഫ് ‍ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കിൾ 5‌8 പ്രകാരമാണു ബ്ലാസ്റ്റേഴ്സിനെതിരെ നടപടി വരിക. നിയമപ്രകാരം മത്സരം ബഹിഷ്കരിച്ചതിനു ഏറ്റവും കുറഞ്ഞത് ആറു ലക്ഷം രൂപയാണു പിഴ. കൂടാതെ ടൂര്‍ണമെന്റിൽനിന്നു വിലക്കുകയോ, ഭാവി മത്സരങ്ങൾ കളിപ്പിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിലക്ക് ഏർപ്പെടുത്തുന്നത് ടൂർണമെന്റിന്റെ മോശമായി ബാധിക്കുമെന്നതിനാൽ അത്തരം നടപടികൾക്ക് സാധ്യതയില്ല.

അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഒരു ക്ലബിനെതിരെ എഐഎഫ്എഫ് ചുമത്തുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ദീർഘമായ ചര്‍ച്ചകൾക്കൊടുവിലാണ് ബ്ലാസ്റ്റേഴ്സിനെതിരെ എന്തു നടപടി വേണമെന്ന കാര്യത്തിൽ എഐഎഫ്എഫ് തീരുമാനത്തിലെത്തിയത്.

ബ്ലാസ്റ്റേഴ്സ് കളി ബഹിഷ്കരിച്ചത് യാതൊരു തരത്തിലും നീതികരിക്കാനാകില്ലെന്നാണ് എഐഎഫ്എഫിന്റെ കണ്ടെത്തൽ. താരങ്ങൾ ഗ്രൗണ്ട് വിട്ടശേഷം 20 മിനിറ്റോളം കാത്തിരുന്ന ശേഷമാണ് റഫറി മത്സരം അവസാനിച്ചതായി പ്രഖ്യാപിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകർ ബ്ലാസ്റ്റേഴ്സിനെതിരായ നടപടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരത്തിനിടെ സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ റഫറി അനുവദിച്ചതിനെ തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം നിർത്തിവച്ച് മടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറാകുന്നതിനു മുൻപായിരുന്നു അപ്രതീക്ഷിതമായി ഛേത്രി ഫ്രീകിക്ക് എടുത്തത്. എന്നാൽ റഫറി ക്രിസ്റ്റൽ ജോൺ ഛേത്രിക്ക് ഗോൾ അനുവദിക്കുകയായിരുന്നു. തുടർന്നാണ് പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച് ടീമിനെ തിരിച്ചുവിളിച്ചു. ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സി വിജയിച്ചതായി പിന്നീടു പ്രഖ്യാപിച്ചു.

കഴിഞ്ഞ ഐഎസ്എൽ ഫൈനലിൽ ഉൾപ്പെടെ റഫറി ക്രിസ്റ്റൽ ജോൺ കൈക്കൊണ്ട തെറ്റായ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ടീമിനെ പിൻവലിച്ചതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എഐഎഫ്എഫിനു വിശദീകരണം നൽകിയിരുന്നു.

Related Articles

Latest Articles