കോട്ടയം: ആറൻമുളയിൽ പ്രസവിച്ച ഉടനെ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.ആശുപത്രി അധികൃതർ വനിത ശിശുവികസന വകുപ്പിന് കൈമാറിയ കുഞ്ഞിനെ, ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുഞ്ഞിന്റെ പരിചരണത്തിനായി കെയർ ഗിവറുടെ സേവനം നേരത്തെ ലഭ്യമാക്കിയിരുന്നു.
പത്തനംതിട്ട ആറൻമുളയിലെ വീട്ടിൽ ഏപ്രിൽ നാലാം തീയതിയാണ് ആൺകുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ പ്രസവിച്ച യുവതി അമിത രക്താസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ കുഞ്ഞിനെ അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതേത്തുടർന്ന് ചെങ്ങന്നൂർ പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കുഞ്ഞിനെ ബക്കറ്റിനുള്ളിൽ കണ്ടെത്തി ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

