Friday, May 10, 2024
spot_img

“സുരക്ഷാ വീഴ്ച ഗൗരവമുള്ളത് ; പിന്നിലുള്ളവരെയും അവരുടെ ലക്ഷ്യവും കണ്ടെത്തും !” – പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : രാജ്യത്തെ ഞെട്ടിച്ച പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ പാർലമെന്റിലുണ്ടായ അതിക്രമത്തിൽ സംഭവിച്ച സുരക്ഷാ വീഴ്ച വളരെ ഗൗരവമുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിക്കുന്നുണ്ടെന്നും സംഭവത്തിന് പിന്നിലുള്ളവരെയും അവരുടെ ലക്ഷ്യവും കണ്ടെത്തുക പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഈ സംഭവത്തിന്റെ ഗൗരവം കുറച്ചുകാണരുത്. ലോക്‌സഭാ സ്പീക്കർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിക്കുന്നു. ആരൊക്കെയാണ് ഇതിന് പിന്നിലെന്നും അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും കണ്ടെത്തേണ്ടത് പ്രധാനമാണ്. വിശദമായ അന്വേഷണം നടത്തും,”- പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, പാർലമെന്റിൽ അതിക്രമിച്ചു കയറിയവർക്ക് കോൺഗ്രസ്, ടിഎംസി, സിപിഎം എന്നീ കക്ഷികളുമായുള്ള അടുത്ത ബന്ധം എന്താണെന്ന് രാഹുൽ ഗാന്ധിയും I.N.D.I സഖ്യത്തിലെ നേതാക്കളും വ്യക്തമാക്കണമെന്ന് ബിജെപി. ഐ.ടി. ഇൻ ചാർജ് അമിത് മാളവ്യ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു
സാഗര്‍ ശര്‍മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് പാർലമെന്റിലെ ചേംബറില്‍ ചാടിയിറങ്ങി അക്രമം നടത്തിയത്. സാഗര്‍, സന്ദര്‍ശക ഗാലറിയില്‍നിന്ന് ലോക്‌സഭാ ചേംബറിനുള്ളിലേക്ക് ചാടി സ്‌മോക്ക് ബോംബ് പ്രയോഗിച്ചു. മനോരഞ്ജന്‍, ഈ സമയം സന്ദര്‍ശക ഗാലറിയില്‍ത്തന്നെ തുടരുകയും കൈവശമുണ്ടായിരുന്ന പുകയുടെ കാന്‍ തുറക്കുകയും ചെയ്തിരുന്നു. മറ്റു രണ്ടു പ്രതികളായ അമോല്‍, നീലംദേവി എന്നിവരെ പാര്‍ലമെന്റിന് പുറത്ത് മുദ്രാവാക്യം വിളിക്കുന്നതിനിടെയാണ് പിടികൂടുന്നത്. അതിക്രമത്തിന്റെ തലച്ചോർ എന്ന് കരുതുന്ന ലളിത് ഝാ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇതുവരെ കേസുമായി ബന്ധപ്പെട്ട് ആകെ ആറ് പേരാണ് പിടിയിലായിരിക്കുന്നത്. അതിക്രമത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേരെയും ലളിത് ഝായെയും കൂടാതെ രാജസ്ഥാനിലെ നാഗൂര്‍ ജില്ലക്കാരനായ മഹേഷ് കുമാവത് എന്നയാളാണ് പിടിയിലായത്. മഹേഷിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു. അതിക്രമം നടന്ന ദിവസം മഹേഷും ദില്ലിയിലുണ്ടായിരുന്നുവെന്നാണ് നിഗമനം

Related Articles

Latest Articles