പാലക്കാട്: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) ആഭിമുഖ്യത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പാലക്കാട് സ്പോർട്സ് ഹബ്ബിന്റെ നിർമാണോദ്ഘാടനം ഫെബ്രുവരി 27-ന് നടക്കും.
അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജിന് പിന്നിലായി 21 ഏക്കർ ഭൂമിയിൽ ഒരുങ്ങുന്ന സ്പോർട്സ് ഹബ്ബിന്റെ ഉദ്ഘാടനം വൈകുന്നേരം അഞ്ചിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കും. സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മുഖ്യാതിഥിയാകും.
മലബാർ ദേവസ്വത്തിന് കീഴിലുള്ള അകത്തേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് കായിക സമുച്ചയം ഉയരുന്നത്.
30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതിയിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ് സൗകര്യം, ക്ലബ് ഹൗസ്, നീന്തൽക്കുളം, ബാസ്‌കറ്റ് ബോൾ – ഫുട്‌ബോൾ മൈതാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.
ലീഗ് എഗ്രിമെന്റ് പ്രകാരം 33 വർഷത്തേക്കാണ് കെ.സി.എ ഭൂമി ഏറ്റെടുക്കുന്നത്. ഇതുവഴി ക്ഷേത്രത്തിന് വാർഷിക വരുമാനമായി 21,35,000 രൂപ ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെ.സി.എ നൽകും. സ്പോർട്സ് ഹബ്ബ് യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികൾക്ക് തൊഴിൽ മേഖലയിൽ മുൻഗണന നൽകാനും വ്യവസ്ഥയുണ്ട്.
ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്‌ളർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ട നിർമാണം ഈ വർഷം തന്നെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. രണ്ടാം ഘട്ടം 2027 ഏപ്രിലോടെ പൂർത്തിയാകും. ജില്ലയിലെ ഗ്രാമീണ മേഖലയിലുള്ള കായിക പ്രതിഭകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഈ സംരംഭം വലിയ പങ്ക് വഹിക്കുമെന്ന് കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ അഭിപ്രായപ്പെട്ടു.
കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി, എ. പ്രഭാകരൻ എം.എൽ.എ, നഗരസഭാ അധ്യക്ഷൻ പി. സ്മിതേഷ്, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു, വുമൺസ് പ്രീമിയർ ലീഗ് ചെയർമാൻ ജയേഷ് ജോർജ് തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ പാലക്കാട് ഡി.സി.എയുടെയും ക്ഷേത്രത്തിന്റെയും മുൻ ഭാരവാഹികളെ ആദരിക്കും.

