Sunday, May 5, 2024
spot_img

സംസ്ഥാനം വൻ സമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഹൈക്കോടതിയിൽ തുറന്ന് സമ്മതിച്ച് സംസ്ഥാന സർക്കാർ; സത്യവാങ്മൂലം സമർപ്പിച്ചത് കെടിഡിഎഫ്സിയുടെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട ഹർജിയിൽ ; സത്യവാങ്മൂലം, കേരളത്തെ അപമാനിക്കുന്നതെന്ന് കോടതി; 27 കോടിയിൽ തീർക്കുന്ന “കേരളീയം” പൊതുജനമധ്യത്തിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ !

സംസ്ഥാനം വൻ സമ്പത്തിക പ്രതിസന്ധിയിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേരള ട്രാൻസ്പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിലവിൽ സർക്കാരിന്റെ ധനസ്ഥിതി മോശമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ധനസ്ഥിതി മോശമാണെങ്കിൽ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുമോയെന്ന് ചോദിച്ച കോടതി സത്യവാങ്മൂലം, കേരളത്തെ അപമാനിക്കുന്നതെന്നാണ് നിരീക്ഷിച്ചത്. കേരളത്തിന് പുറത്ത് നാടിന് മോശം പേരുണ്ടാകില്ലേ എന്നും കോടതി ചോദിച്ചു. അധിക സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട് . ഹർജി 10 ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്.

സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളസർക്കാർ കോടതിയിൽ സമ്മതിച്ച ദിവസത്തിൽ തന്നെയാണ് 27 കോടിയോളംചിലവഴിച്ച് ‘കേരളീയം’ പരിപാടി നടക്കുന്നത്. പ്രതിപക്ഷവും ബിജെപിയും ഇതിനെതിരെ ഇതിനോടകം തന്നെ മുന്നോട്ടു വന്നിട്ടുണ്ട്. ഇത്തരമൊരു അവസ്ഥ സംസ്ഥാനത്ത് സംജാതമായാൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്ന ഓർമപ്പെടുത്തലും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.

കെടിഡിഎഫ്സി.യുടെ ബാധ്യത ഏറ്റെടുക്കാനാകില്ല എന്നാണ് സർക്കാരിന്റെ നിലപാട്. എന്നാൽ സർക്കാരിന്റെ ഗ്യാരന്റിയിലാണ് കെടിഡിഎഫ്സിയിൽ ആളുകൾ പണം നിക്ഷേപിച്ചത്. കെഎസ്ആർടിസിക്ക് നൽകിയ 360 കോടി തിരിച്ചുനൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെടിഡിഎഫ്സി. സർക്കാരിനെ അറിയിച്ചത്. അതിപ്പോൾ പലിശയടക്കം 900 കോടിയായി. എന്നാൽ, പണം നൽകാനില്ലെന്ന നിലപാടിൽ കെഎസ്ആർടിസി എത്തിയതോടെ ഈ പണം സർക്കാർതന്നെ മടക്കിനൽകണമെന്ന് കെടിഡിഎഫ്സി ആവശ്യപ്പെട്ടു . വായ്പ തിരിച്ചടയ്ക്കാത്തതിനാൽ സ്ഥാപനം നഷ്ടത്തിലായി. 2021-22 മുതൽ നിക്ഷേപം സ്വീകരിക്കുന്നത് റിസർവ് ബാങ്ക് വിലക്കി. ഇതോടെ വരുമാനവും ഇല്ലാതായി. 580 കോടിയോളം രൂപയാണ് ഈ ധനകാര്യ സ്ഥാപനത്തിൽ പൊതുജന നിക്ഷപമായുള്ളത്.

സർക്കാർ ഗ്യാരന്റിയിൽ നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ലെന്നാരോപിച്ച് കൊൽക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്‌സ് ആണ് ഹർജി നൽകിയത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്സി പൂട്ടലിന്റെ വക്കിലാണ്. ധനകാര്യ സ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് അടക്കം നഷ്ടമായേക്കുമെന്ന സ്ഥിതിയാണ്. നിക്ഷേപകർ കൂട്ടത്തോടെ സമീപിച്ചിട്ടും പണം തിരിച്ചുനൽകാനില്ലാതെ പ്രതിസന്ധിയിലാണ് പൊതുമേഖലാ സ്ഥാപനം. ജീവനക്കാരുടെ ശമ്പളം സ്ഥിരമായി മുടങ്ങിയിട്ടും സർക്കാർ കണ്ടഭാവം നടിക്കാത്തതും പ്രതിസന്ധിയായി.

Related Articles

Latest Articles