Tuesday, April 30, 2024
spot_img

‘നല്ലവനായ കള്ളൻ’! മോഷ്ടിച്ച മാല വിറ്റുകിട്ടിയ പണം ഉടമയ്‌ക്ക് തന്നെ തിരികെ നൽകി മോഷ്ടാവ്; ഒപ്പം ക്ഷമ ചോദിച്ചുകൊണ്ട് ഒരു കത്തും

കോട്ടയം: മോഷ്ടിച്ച മാല വിറ്റുകിട്ടിയ പണം ഉടമയ്‌ക്ക് തന്നെ തിരികെ നൽകി ‘നല്ലവനായ കള്ളൻ’. കുമാരനല്ലൂരിലാണ് മാല കട്ട് മനസമാധാനം പോയ കള്ളന് മാനസാന്തരം വന്നത്. മാല വിറ്റ് കിട്ടിയ അര ലക്ഷം രൂപയും ഒപ്പം ക്ഷമ ചോദിച്ചുകൊണ്ട് ഒരു കത്തും മോഷ്ടാവ് ഉടമയുടെ വീട്ടിൽ വെച്ച് സ്ഥലം വിട്ടു.

ഈ മാസം 19 നായിരുന്നു കുമാരനല്ലൂർ സ്വദേശി കുഞ്ഞാന്റെ വീട്ടിൽ നിന്നും മാല മോഷണം പോയത്. മൂന്ന് വയസ്സുകാരിയായ കൊച്ചുമകളുടെ മാലയാണ് മോഷണം പോയത്. മാലയ്‌ക്ക് ഒരു പവനിൽ കൂടുതൽ തൂക്കമുണ്ടായിരുന്നു. രാവിലെ കുട്ടിയുടെ കഴുത്തിൽ മാലയുണ്ടായിരുന്നു. വൈകിട്ട് കുട്ടിയുമായി കുമാരനല്ലൂരിലെ കടയിൽ പോയി വന്നതിന് ശേഷമായിരുന്നു മാല കാണാതായതെന്ന് വീട്ടുകാർ പറയുന്നു.

വീട്ടുകാർ മാല പല സ്ഥലത്തും തിരഞ്ഞിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കുഞ്ഞാന്റെ വീട്ടിൽ വച്ച് മടങ്ങിയത്. മാല വിറ്റു പോയെന്നും നിങ്ങൾ തിരയുന്നത് കണ്ട ശേഷം സമാധാനം പോയെന്നും അതിനാൽ മാപ്പാക്കണമെന്നുമുള്ള ക്ഷമാപണത്തോടെയാണ് കുറിപ്പ്.

Related Articles

Latest Articles