തിരുവനന്തപുരം: നെയ്യാറ്റിൻകര ടൗണിൽ മോഷണം തുടർക്കഥയാകുന്നു. വീടുകളിലും വ്യാപരസ്ഥാപനങ്ങളും മോഷണ സംഘം ലക്ഷ്യം വയ്ക്കുന്നത് ആവർത്തിക്കുകയാണ്. ഇന്നലെ രാത്രി നെയ്യാറ്റിൻകര ജനറൽ ആശുപത്രി റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന അന്നപൂർണ്ണ ഹോട്ടലിൽ കള്ളൻ കവർച്ച നടത്തുന്ന ദൃശ്യങ്ങൾ cctv യിൽ പതിഞ്ഞു. കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായെന്ന് ഉടമ തത്വമയി ന്യൂസിനോട് പറഞ്ഞു. കള്ളനെ തിരിച്ചറിഞ്ഞിട്ടില്ല. അന്യ സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് നേരെ എതിർവശത്തുള്ള സ്ഥാപനമാണ്. രാത്രി രണ്ട് മണിയോടെയാണ് കള്ളൻ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നത്.
തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന പട്ടണമാണ് നെയ്യാറ്റിൻകര. ഇവിടെ മോഷണങ്ങൾ വ്യാപകമാകുന്നതിൽ വിവിധ വ്യാപാരി വ്യവസായി സംഘടനകൾ ആശങ്ക പങ്കുവയ്ക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ അടക്കം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും നിരവധി ആളുകൾ യാത്ര ചെയ്യുന്നത് നെയ്യാറ്റിൻകരയിലൂടെയാണ്. കഞ്ചാവിന്റെയും നിരോധിത പുകയില ഉലപ്പന്നങ്ങളുടെയും കടത്ത് സംഘങ്ങളും ഇപ്പോൾ നെയ്യാറ്റിൻകര താവളമാക്കിയിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റായ അമരവിള വഴിയാണ് ഇത്തരം കള്ളക്കടത്തുകൾ. ഇതോടൊപ്പം അന്യ സംസ്ഥാന മോഷണ സംഘങ്ങളും പ്രദേശത്ത് ഭീതിവിതയ്ക്കുകയാണ്. പോലീസ് പെട്രോളിംഗ് അടക്കമുള്ള സംവിധാനങ്ങൾ അപര്യാപ്തമാണെന്നും പരാതിയുണ്ട്.

