Friday, May 17, 2024
spot_img

പോലീസുകാരനെതിരെ പരാതിയില്ലെന്ന് കച്ചവടക്കാരൻ; മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു

കോട്ടയം: പോലീസുകാർക്കാകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു.മാമ്പഴം മോഷ്ടിച്ച സിവിൽ പൊലീസ് ഓഫീസർ പി.വി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹർജി കോടതി അംഗീകരിച്ചു. ഐപിസി 379 പ്രകാരം ഉള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു.

കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റന്റതാണ് ഉത്തരവ്. രണ്ടുദിവസമായി നടന്ന വാദത്തിന് ഒടുവിലാണ് പരാതിക്കാരൻ ഇല്ലെങ്കിൽ കേസ് ഒത്തുതീർപ്പാക്കാൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആർ ക്യാംപിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബ് മോഷ്ടിച്ചത്. സെപ്റ്റംബര്‍ 30ന് അർധരാത്രി, കോട്ടയം മെഡിക്കൽ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മോഷണം. രാവിലെ കടയുടമ എത്തിയപ്പോഴാണു മോഷണവിവരമറിയുന്നത്. തുടർന്നു പോലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ നമ്പർ ഉൾപ്പെടെ വ്യക്തമായതാണു പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.

തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാൽ കേസ് മുന്നോട്ടു കൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും പരാതിക്കാരനായ കടയുടമ കാ‍ഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.

Related Articles

Latest Articles