Thursday, May 9, 2024
spot_img

ലഹരി മരുന്ന് വാങ്ങാന്‍ പണമില്ല !സ്വന്തം കുഞ്ഞുങ്ങളെ വിൽപന നടത്തി പണമുണ്ടാക്കി; മുംബൈയിൽ ദമ്പതികളായ ഷാബിറും സാനിയ ഖാനും അറസ്റ്റിൽ

ലഹരി മരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ ദമ്പതികളും സുഹൃത്തുക്കളും മുംബൈയിൽ അറസ്റ്റിലായി. കുട്ടികളുടെ മാതാപിതാക്കളായ ഷാബിര്‍, ഇയാളുടെ ഭാര്യ സാനിയ ഖാന്‍, ഷാക്കീല്‍, വില്പനയ്ക്ക് ഒത്താശ ചെയ്ത ഇടനിലക്കാരി ഉഷ റാത്തോഡ് എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് ഇന്ന് അറസ്റ്റ് ചെയ്തത്. വില്‍പ്പന വിവരം അറിഞ്ഞ ഷാബിറിന്റെ സഹോദരി റുബീന പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

രണ്ടുവയസ് പ്രായമുള്ള ആണ്‍കുഞ്ഞിനെയും ഒരുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെയുമാണ് ഷാബിറും ഭാര്യയും ഇടനിലക്കാരി വഴി വിറ്റത്. ഇതില്‍ പെണ്‍കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്. ആണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

അന്ധേരിയില്‍ താമസിക്കുന്ന ഷാബിറും സാനിയ ഖാനും ലഹരിമരുന്നിന് അടിമയായിരുന്നു. ലഹരി മരുന്ന് വാങ്ങാന്‍ പണമില്ലാതെ വന്നതോടെയാണ് ഇതിനായി കുട്ടികളെ വില്‍ക്കാന്‍ തീരുമാനിച്ചത്. സുഹൃത്തായ ഷാക്കീല്‍ വഴിയാണ് ഇടനിലക്കാരിയായ ഉഷയെ ഇവർ സമീപിച്ചത്. തുടർന്ന് ആണ്‍കുട്ടിയെ 60,000 രൂപയ്ക്കും പെണ്‍കുഞ്ഞിനെ 14,000 രൂപയ്ക്കും ഇവർ വിൽക്കുകയായിരുന്നു.

കുഞ്ഞുങ്ങളെ കാണാതായതോടെ ഷാബിറിന്റെ സഹോദരി റുബീന വിവരം അന്വേഷിച്ചെത്തുകയും ആവര്‍ത്തിച്ച് ചോദിച്ചപ്പോൾ സാനിയ കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയെന്ന കാര്യം വെളിപ്പെടുത്തകയുമായിരുന്നു. ഉടൻ തന്നെ അവർ പോലീസിനെ വിവരം അറിയിച്ചു.
സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത ഡിഎന്‍ നഗര്‍ പൊലീസ്, പിന്നീടത് ക്രൈബ്രാഞ്ചിന് കൈമാറി . ആണ്‍കുട്ടിക്ക് വേണ്ടി അന്ധേരി അടക്കമുള്ള പ്രദേശങ്ങളില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.

Related Articles

Latest Articles