Saturday, May 4, 2024
spot_img

റഷ്യയുടെ എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്‌ക്ക് മേൽ വലിയ ബാഹ്യ സമ്മർദ്ദം ഉണ്ടായിരുന്നു; പ്രധാനമന്ത്രി രാജ്യത്തെ ഉപഭോക്താക്കളുടെ താത്പര്യത്തിനാണ് മുൻഗണന നൽകിയതെന്ന് എസ്.ജയശങ്കർ

ദില്ലി: റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിച്ചത് പ്രധാനമന്ത്രിയുടെ വ്യക്തമായ നിർദ്ദേശം ഉള്ളതിനാലാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയുടെ എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്‌ക്ക് മേൽ വലിയ ബാഹ്യ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ രാജ്യത്തെ ഉപഭോക്താക്കളുടെ താത്പര്യത്തെ മുൻനിർത്തിക്കൊണ്ടാണ് പ്രധാനമന്ത്രി ഉറച്ച നിലപാട് വിഷയത്തിൽ സ്വീകരിച്ചതെന്നും ജയശങ്കർ പറഞ്ഞു.

‘ഓരോ മന്ത്രാലയങ്ങളേയും അവിടുത്തെ ഉദ്യോഗസ്ഥരേയും അവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തുന്നത് എന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഏറ്റവും വലിയ മാറ്റം. യുക്രെയ്ൻ-റഷ്യ സംഘർഷം ഉണ്ടായ സമയത്ത് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിന് എല്ലാവിധ ശ്രമങ്ങളും നടത്താൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. യുക്രെയ്‌നിൽ സ്ഥിതിഗതികൾ രൂക്ഷമായപ്പോൾ തന്നെ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു.

വളരെ കൃത്യമായ നിർദേശങ്ങളാണ് മന്ത്രാലയത്തിന് ലഭിച്ചു കൊണ്ടിരുന്നത്. അങ്ങനെ മുഴുവൻ വിദ്യാർത്ഥികളേയും തിരികെ എത്തിച്ചു. അതേപോലെ യുക്രെയ്‌നിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ഇന്ത്യയ്‌ക്ക് മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. റഷ്യയിൽ നിന്ന് വാങ്ങിയില്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങേണ്ടി വരും. ഇതോടെ വിലയും വർദ്ധിപ്പിക്കേണ്ടി വരും. 100ന് പകരം 125 രൂപ മുടക്കേണ്ടി വരും.

ഈ സമ്മർദ്ദത്തിനിടയിലും ഇത്രയും കൃത്യമായ നിലപാട് സ്വീകരിക്കാൻ എങ്ങനെ സാധിച്ചുവെന്ന് പലരും ചോദിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കൃത്യമായ നിർദേശം ഉള്ളത് കൊണ്ടാണ് അത് സാധ്യമായത്. രാജ്യത്തെ ഉപഭോക്താക്കളുടെ താത്പര്യം മുൻഗണനയായി പരിഗണിക്കണമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞതെന്നും” ജയശങ്കർ പറഞ്ഞു.

Related Articles

Latest Articles