Sunday, September 20, 2026

കീഴടങ്ങുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നു,അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് പോലീസ്; കനത്ത സുരക്ഷയിൽ പഞ്ചാബ്

ദില്ലി: ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിന് കീഴടങ്ങുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്ന് പഞ്ചാബ് പോലീസ്. അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും
പോലീസ് അറിയിച്ചു. ഇയാൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തും.
ക്രമസമാധാനം ഉറപ്പാക്കാൻ പഞ്ചാബിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45 നാണ് അമൃത്പാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു.

പഞ്ചാബിലെ മോഗയിൽ ഗുരുദ്വാരയിൽ നിന്നുള്ള അമൃത്പാലിന്റെ ചിത്രങ്ങൾ പുറത്തുവന്നു. വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതാവാണ് അമൃത്പാൽ സിങ്. റോഡ് അപകടത്തില്‍ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പമാണ് അമൃത്പാലിന്റെ സഞ്ചാരം.

ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘർഷം അമൃത്പാൽ ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് ആരോപിക്കുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ലവ്പ്രീതി സിങിനെ അജ്നാന പോലീസ് പിടികൂടിയിരുന്നു. അമൃത്പാലി‍ന്‍റെ അനുചരന്മാര്‍ ആയുധങ്ങളുമായി പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയിരുന്നു. തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ അമൃത്പാലിനെതിരെ നിലവിലുണ്ട്.

Related Articles

Latest Articles