അഞ്ചു പതിറ്റാണ്ടുകാലം തെന്നിന്ത്യയുടെ പാട്ടിന്റെ പര്യായമായിരുന്ന എസ് പി ബാലസുബ്രഹ്മണ്യം ഓർമ്മയായിട്ട് ഇന്ന് മൂന്നുവർഷം തികയുകയാണ്. എങ്കിലും ശബ്ദമാധുരിയിലൂടെ ലക്ഷക്കണക്കിന് സംഗീത പ്രേമികളുടെ ഹൃദയങ്ങളിൽ ചേക്കേറിയ അതുല്യ കലാകാരൻ അമരത്വം കൈവരിച്ചു കഴിഞ്ഞു. എസ് പി ബി എന്ന് ലോകം ആദരിക്കുന്ന മൂന്നക്ഷരത്തിന്റെ ഉടമയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത അനായാസമായ ആലപാനശൈലിയാണ്. സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. ശാസ്ത്രീയസംഗീതം പഠിക്കാതെ, എങ്കിലും ഒരു സംഗീതജ്ഞനു വേണ്ട തികഞ്ഞ അച്ചടക്കത്തോടെ, പതിറ്റാണ്ടുകള്‍ ആലാപനരംഗത്ത് നിറഞ്ഞുനിന്നു എസിപിബി. ശ്രീനഗര്‍ മുതല്‍ കന്യാകുമാരി വരെ എവിടെയും ഏതുഭാഷയിലും, പ്രണയവും, വിരഹവും ആര്‍ദ്രതയും നിറഞ്ഞുനിന്ന എസ്പിബിയുടെ ശബ്ദമാധുരി ദേശത്തിനും ഭാഷക്കും കാലത്തിനും അതീതമായി വളർന്നിരുന്നു.
മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നാലു ഭാഷകളിലായി ആറ് തവണയും ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അംഗീകാരം 24 തവണയും പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മശ്രീ, പത്മഭൂഷന്‍ എന്നിവയുെ എസ് പി ബി നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനാണ് എസ് പി ബി. രജനീകാന്ത്, കമല്‍ ഹാസന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജമിനി ഗണേശന്‍, അര്‍ജുന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങൾക്ക് അദ്ദേഹം ശബ്‌ദവും നൽകിയിട്ടുണ്ട്. റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യമായ, രാജ്യത്തിനകത്തും പുറത്തുമായി അനേകായിരം വേദികളെ സംഗീതസാന്ദ്രമാക്കിയ എസ് പി ബി ഇന്നും തന്റെ ശബ്ദമാധുര്യത്തിലൂടെ തലമുറകളെ വിസ്മയിപ്പിക്കുന്നു. രാജ്യം ആദരിക്കുന്ന സംഗീത സംവിധായനുമായിരുന്നു എസ് പി ബി എന്ന പ്രതിഭ
ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിലാണ് 1946ൽ എസ് പി ബിയുടെ ജനനം. ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യം എന്നാണ് എസ് പിബിയുടെ യഥാർത്ഥ പേര്. ഹരികഥാ കലാകാരനായ എസ് പി സാംബമൂർത്തിയും ശകുന്തളാമ്മയുടെയുമായിരുന്നു മാതാപിതാക്കൾ. സംഗീതത്തോട് ഏറെ താൽപ്പര്യം പ്രകടിപ്പിച്ച എസ് പി ബി കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചുതുടങ്ങി. എന്നാൽ മകനെ എഞ്ചിനീയർ ആയി കാണാൻ ആഗ്രഹിച്ച പിതാവ് എസ് പിബിയെ എഞ്ചിനീയറിംഗ് പഠനത്തിന് അയക്കുകയാണ് ചെയ്തത്. എഞ്ചിനീയറിംഗ് പഠനത്തിനിടയിലും സംഗീതലോകത്ത് തിളങ്ങിയ എസ് പി ബി നിരവധി മത്സരങ്ങളിൽ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു.
ശാസ്ത്രീയ സംഗീതവും ലളിതസംഗീതവും ഒരുപോലെ ഇണങ്ങുന്ന എസ് പി ബി ഗാനമേള ട്രൂപ്പിൽ നിന്നുമാണ് ചലച്ചിത്രപിന്നണിഗാന രംഗത്ത് എത്തിപ്പെടുന്നത്. 1966-ൽ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ ‘ എന്ന ചിത്രത്തിൽ പാടികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, ആസാമി, പഞ്ചാബി, തുളു, ഒറിയ എന്നു തുടങ്ങി പതിനാറോളം ഇന്ത്യൻ ഭാഷകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. എസ് പി ബിയുടെ സംഗീതലോകമോർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് എത്തുക ‘കേളടി കൺമണി’ എന്ന ചിത്രത്തിലെ ‘മണ്ണിൽ ഇന്ത കാതൽ’ എന്നു തുടങ്ങുന്ന ഗാനമാവും. ഭൂമിയിൽ പ്രണയമുള്ള കാലത്തോളം ആഘോഷിക്കപ്പെട്ടേക്കാവുന്ന, മാജിക്കൽ സ്വഭാവമുള്ള ‘മണ്ണിൽ ഇന്ത കാതൽ’ എന്ന ഗാനം എസ് പി ബിയുടെ കരിയറിലെ ഏറെ ആഘോഷിക്കപ്പെട്ട പാട്ടുകളിലൊന്ന് കൂടിയാണ്. ‘ശങ്കരാഭരണ’ത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഈ പാട്ടുകൾ എസ് പി ബിയ്ക്ക് ദേശീയ അവാർഡും നേടി കൊടുത്തു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെയാണ് ‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങൾ എല്ലാം എസ് പി ബി പാടിയത് എന്നതാണ് മറ്റൊരു വിസ്മയം.

