തിരുവനന്തപുരം: കേരളത്തിന് കേന്ദ്ര ബജറ്റ് നിരാശ മാത്രമാണു നല്കിയിരിക്കുന്നതെന്ന് ധനമന്ത്രി ടി എം. തോമസ് ഐസക്. പ്രളയത്തിന്റെ പശ്ചാത്തലത്തില് കൂടുതല് വായ്പ എടുക്കാന് അനുവാദം തരണമെന്നു അഭ്യര്ഥിച്ചിരുന്നു. എന്നാല് കേരളത്തിനു കിട്ടേണ്ട കേന്ദ്രഫണ്ടില്നിന്ന് 6,000 കോടി കുറഞ്ഞതായും ഐസക് പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കുന്ന ബജറ്റാണിത്. അടിസ്ഥാന സൗകര്യവികസനത്തിനുൾപ്പടെ പണം അനുവദിച്ചിട്ടില്ല. ആവശ്യങ്ങളുമായി സംസ്ഥാനം വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും ഐസക്ക് പറഞ്ഞു.
ബജറ്റ് ഇന്ത്യൻ സമ്പദ്ഘടനയെ അഞ്ച് ലക്ഷം കോടിയിലേക്ക് ഉയർത്തുന്നതിന് തീർത്തും അപര്യാപ്തമാണ്. കേന്ദ്രം പ്രധാന വരുമാനമായി കണ്ടിരിക്കുന്നത് ഓഹരി വില്പനയാണ്. ഓഹരിവില്പന സര്വകാല റെക്കോര്ഡിലാണ്. റെയില്വേയില് സ്വകാര്യവല്ക്കണത്തിനും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.ഇത് പലയിടത്തും പരാജയപ്പെട്ട നടപടിയാണ്. വിദേശ മൂലധനത്തെ ആകര്ഷിക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്. ഇന്ത്യയിലെ നിക്ഷേപം ഉയര്ത്തി സമ്പദ് ഘടനയെ വളര്ത്താനുള്ള നീക്കങ്ങളൊന്നും ബജറ്റില് കണ്ടില്ലെന്നും ഐസക്ക് പറഞ്ഞു.

