വാഷിങ്ടൺ: റഷ്യൻ എണ്ണയും ഊർജ ഉൽപ്പന്നങ്ങളും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഉയർന്ന താരിഫ് ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉപരോധ ബില്ലിന്മേൽ വോട്ട് ചെയ്ത അമേരിക്കൻ സെനറ്റർമാർക്ക് നന്ദി അറിയിച്ച് യുക്രൈൻ പ്രസിഡന്റ് വൊളോദിമർ സെലൻസ്കി. യുഎസ് സന്ദർശനത്തിനെത്തിയ സെലൻസ്കി, കാപിറ്റോളിലെ സെനറ്റ് ഗാലറിയിൽ നേരിട്ടെത്തി നിർണായക വോട്ടെടുപ്പ് വീക്ഷിച്ചു. 12-നെതിരെ 86 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് സെനറ്റിൽ ബില്ലിന്റെ ആദ്യ നടപടിക്രമങ്ങൾ പൂർത്തിയായത്. റഷ്യൻ അധിനിവേശത്തിന് സാമ്പത്തിക പിന്തുണ നൽകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമനിർമാണത്തിന് ഒരു വർഷത്തിലേറെ നീണ്ട ചർച്ചകൾക്കൊടുവിലാണ് അംഗീകാരം ലഭിക്കുന്നത്.
“യുക്രൈന് അതീവ പ്രാധാന്യമുള്ള ഈ ബില്ലിന്റെ കാര്യത്തിൽ രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. റഷ്യയ്ക്ക് മേൽ നൽകുന്ന ശക്തമായ സാമ്പത്തിക സമ്മർദം സമാധാനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്” എന്ന് – വോട്ടെടുപ്പിന് ശേഷം സെലൻസ്കി വ്യക്തമാക്കി. റഷ്യൻ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ബിൽ പ്രാബല്യത്തിൽ വരുന്നത് വലിയ പ്രഹരമായേക്കാം. ചൈനയാണ് റഷ്യൻ എണ്ണ ഇറക്കുമതിയിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു രാജ്യം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന്റെ പേരിൽ 2025 ഓഗസ്റ്റിൽ അമേരിക്ക ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക താരിഫ് ചുമത്തിയിരുന്നു. ഇതോടെ മൊത്തം താരിഫ് 50 ശതമാനമായി ഉയർന്നു.
പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ താരിഫ് നിരക്ക് 100 ശതമാനം വരെയായി കുതിച്ചുയരാൻ സാധ്യതയുണ്ട്.നിലവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലാണ്. കരാർ നടപ്പിലായാൽ താരിഫ് 18 ശതമാനത്തിലേക്ക് താഴുമായിരുന്നുവെങ്കിലും, ഈ ഉപരോധ ബിൽ ഇന്ത്യ-യുഎസ് നയതന്ത്ര-വ്യാപാര ബന്ധങ്ങളെ സങ്കീർണ്ണമാക്കിയേക്കും.പുടിൻ ഉൾപ്പെടെയുള്ള മുതിർന്ന റഷ്യൻ ഭരണാധികാരികൾ, സൈനിക നേതാക്കൾ, റഷ്യൻ സാമ്പത്തിക സ്ഥാപനങ്ങൾ, ഊർജ്ജ പദ്ധതികൾ എന്നിവയ്ക്ക് മേലുള്ള കടുത്ത ഉപരോധങ്ങളും ബില്ലിന്റെ ഭാഗമാണ്. അന്തരിച്ച പ്രമുഖ യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ സംസ്കാര ചടങ്ങുകൾ നടന്ന ദിവസമാണ് സെനറ്റിൽ ഈ നിർണായക വോട്ടെടുപ്പ് നടന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. റഷ്യയ്ക്കെതിരെ യുക്രൈന് ശക്തമായ പിന്തുണ നൽകിയിരുന്ന ഗ്രഹാമിന്റെ മുൻകൈയിലാണ് ഈ ഉപരോധ ബിൽ രൂപകൽപ്പന ചെയ്തത്. ഗ്രഹാമിന്റെ ഓർമ്മയ്ക്കുള്ള ആദരം കൂടിയായാണ് സെനറ്റർമാർ ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്.

