കൊച്ചി: തീർഥാടകർക്ക് പമ്പയിൽ കെ എസ് ആര് ടി സി ബസിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനായി നിർദേശങ്ങളുമായി ഹൈക്കോടതി.പമ്പയിലെ കെ എസ് ആർ ടി സി ബുക്കിങ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് ദേവസ്വം ബെഞ്ച് നിർദേശിച്ചു.കൂടാതെ പമ്പയിൽ തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിർബന്ധമായും ഉണ്ടാകണമെന്നും കോടതി നിർദേശിച്ചു.
കെ എസ് ആർ ടി സി ബുക്കിങ് ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര് കോടതിയെ അറിയിച്ചിരുന്നു. നിലക്കലിലെ പാർക്കിങ് സൗകര്യം വർധിപ്പിക്കാനുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാനും കരാറുകാരന് കോടതി നിർദേശം നൽകി.
അതെ സമയം,ശബരിമലയിൽ തീർഥാടക പ്രവാഹം തുടരുകയാണ്. ഇന്ന് 1,04,478 പേരാണ് ദർശനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും മുമ്പേ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇവരെല്ലാം. വെർച്വൽ ക്യൂ സംവിധാനത്തിൽ ഈ സീസണിലെ റെക്കോർഡ് രജിസ്ട്രേഷനാണിത്. ഇന്നലെ മുതൽ കുട്ടികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി നടപ്പന്തലിൽ പ്രത്യേക ക്യൂ ഒരുക്കിയിട്ടുണ്ട്. നടപ്പന്തലിന്റെ തുടക്കം മുതൽ പതിനെട്ടാംപടി വരെയാണ് ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള പ്രത്യേക സംവിധാനം. തിരക്ക് വൻതോതിൽ കൂടിയാൽ പമ്പമുതൽ തീർഥാടകരെ ഘട്ടം ഘട്ടമായി കടത്തിവിടുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും. മലയിറങ്ങി തിരിച്ചുപോകുന്നവർ പമ്പയിൽ കുടുങ്ങാതിരിക്കാൻ കൂടുതൽ ബസ് സർവീസുകൾ തുടങ്ങിയതായി ദേവസ്വം ബോർഡ് അറിയിച്ചു. ക്രിസ്മസ് അവധിയുൾപ്പടെ വരുന്ന സാഹചര്യത്തിൽ മണ്ഡലപൂജയ്ക്ക് അടുപ്പിച്ച് വരും ദിവസങ്ങളില് തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ.

