Saturday, April 27, 2024
spot_img

ഇന്ത്യന്‍ വ്യോമസേന ദിനം ; ലോകത്തിലെ വ്യോമസേന ശക്തികളില്‍ മൂന്നാം സ്ഥാനം കയ്യടക്കി ഇന്ത്യ ജൈത്രയാത്ര തുടരുന്നു

ദില്ലി : ഇന്ന് ഇന്ത്യന്‍ വ്യോമസേന ദിനം . ഇന്ത്യന്‍ സേനയിലെ മൂന്ന് പ്രമുഖ വിഭാഗങ്ങളില്‍ ഒന്നാണ് വ്യോമസേന. ഇന്ത്യയുടെ വ്യോമസൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ഇതിനുള്ളത്. ഇന്ത്യന്‍ സായുധ സേനയുടെ ആകാശസേനയാണ് വ്യോമസേന. ലോകത്തിലെ വ്യോമസേന ശക്തികളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യന്‍ ആകാശം സുരക്ഷിതമാക്കുക, സായുധ പോരാട്ടസമയത്ത് വ്യോമയുദ്ധം നടത്തുക എന്നിവയാണ് വ്യോമസേനയുടെ പ്രാഥമിക ദൗത്യം. 1932 ഒക്ടോബര്‍ 8 ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സഹായസേനയായി ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേന സ്ഥാപിതമായി. അതിനാലാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 8ന് വ്യോമസേന ദിനം ആഘോഷിക്കുന്നത്. 1947 -ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സ് എന്നാണ് വിളിച്ചിരുന്നത്. 1950 ല്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി മാറിയപ്പോള്‍ ബ്രിട്ടീഷ് ബന്ധം സൂചിപ്പിച്ചിരുന്ന റോയല്‍ എന്ന വാക്ക് നീക്കം ചെയ്തു. അന്നുമുതല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സ് എന്നാണ് അറിയപ്പെടുന്നത്.

1950 മുതല്‍ ഐ.എ.എഫ് അയല്‍ രാജ്യമായ പാകിസ്ഥാനുമായി നാല് യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗോവയിലെ പോര്‍ട്ടുഗീസ് ആധിപത്യം അവസാനിപ്പിച്ച ഓപ്പറേഷന്‍ വിജയ്, ഹിമാലയത്തിലെ സിയാച്ചിന്‍ മേഖലയിലെ ആധിപത്യം ഉറപ്പിച്ച ഓപ്പറേഷന്‍ മേഘദൂത്, മാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞ ഓപ്പറേഷന്‍ കാക്റ്റസ്, ശ്രീലങ്കയിലെ സൈനിക നടപടിയായ ഓപ്പറേഷന്‍ പൂമലൈ എന്നിവയാണ് ഐഎഎഫ് ഏറ്റെടുത്ത മറ്റ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിലും ഐ.എ.എഫ് പങ്കെടുക്കാറുണ്ട്.

ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഐ.എ.എഫിന്റെ സുപ്രീം കമാന്‍ഡര്‍ പദവി വഹിക്കുന്നത്. 1.40 ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ വ്യോമസേനയിലുണ്ട് . ഇതില്‍ ഇരുപതു ശതമാനം ഓഫീസര്‍മാരാണ്. ഒന്നര ലക്ഷത്തോള്ളമുള്ള വിമുക്ത സൈനികരും വ്യോമസേനയുടെ കരുത്താണ്. ഫോര്‍ സ്റ്റാര്‍ ഓഫീസറായ എയര്‍ ചീഫ് മാര്‍ഷലാണ് എയര്‍ ഫോഴ്‌സിന്റെ തലവന്‍. 2021 ഒക്ടോബര്‍ 01 ന് എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി, വ്യോമസേനാ മേധാവിയായി ചുമതലയേറ്റു. എയര്‍ മാര്‍ഷല്‍ അര്‍ജന്‍ സിംഗാണ് ഐഎഎഫിലെ ഇതുവരെയുള്ള ഏക പഞ്ച നക്ഷത്ര റാങ്ക് ഉദ്യോഗസ്ഥന്‍.

Related Articles

Latest Articles